ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഊര്‍ജോല്‍പാദനത്തില്‍ വന്‍നേട്ടവുമായി ശാസ്ത്രലോകം ; ഒരുങ്ങുന്നത് ഭാവിയുടെ ഇന്ധനം

ഭാവിയുടെ ഇന്ധനം എന്ന പേരില്‍ വിളിക്കാന്‍ കഴിയുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ (ആണവ സംയോജനം) വഴിയുള്ള ഊര്‍ജോല്‍പാദന രം?ഗത്ത് നിര്‍ണായകമായ നേട്ടവുമായി ശാസ്ത്രലോകം. ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ചെലവ് കുറഞ്ഞതും കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്നതുമായ ഊര്‍ജോല്‍പാദനത്തിലാണ് അമേരിക്കയിലെ ഗവേഷകര്‍ നിര്‍ണായക നേട്ടം കൈവരിച്ചത്. ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലെ (എല്‍എല്‍എന്‍എല്‍) ശാസ്ത്രഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഫോസില്‍ ഇന്ധനത്തിന് പകരമായി മാലിന്യമുക്തവും ശുദ്ധവുമായ രീതിയില്‍ ഊര്‍ജ ഉല്‍പാദനമാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഊര്‍ജത്തിന്റെ പ്രത്യേകത. ഇത്തരത്തില്‍ വ്യാവസായികമായി ഊര്‍ജോല്‍പാദത്തിന് സാധിച്ചാല്‍ വലിയ കുതിച്ചുച്ചാട്ടമാകും.

രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളെ സംയോജിപ്പിച്ച് ഭാരമേറിയ ഹീലിയം ആറ്റം ഉണ്ടാക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍. ഈ പ്രക്രിയയിലും വലിയ അളവില്‍ ഊര്‍ജ്ജം പുറത്തുവിടുന്നു. സൂര്യനിലും നക്ഷത്രങ്ങളിലും ഊര്‍ജനിര്‍മാണ പ്രക്രിയ നടക്കുന്നത് ഫ്യൂഷന്‍ രീതിയിലാണ്. ഫ്യൂഷന്‍ കാര്‍ബണ്‍ രഹിതമായതിനാല്‍ ആ?ഗോളതാപനമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. റേഡിയോ ആക്ടീവ് മാലിന്യങ്ങളും വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഉണ്ടാകൂ. നിലവിലെ ന്യൂക്ലിയര്‍ ഫിഷന്‍ ആണവോര്‍ജ നിലയങ്ങളേക്കാള്‍ സുരക്ഷയും ഉറപ്പ് നല്‍കുന്നു. ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, മറ്റ് ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയെ ആശ്രയിക്കുന്നത് പൂര്‍ണമായി ഒഴിവാക്കാനും ശുദ്ധവും സമൃദ്ധവും സുരക്ഷിതവുമായ ഊര്‍ജ്ജ സ്രോതസ്സായിട്ടാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ എനര്‍ജിയെ വിശേഷിപ്പിക്കുന്നത്.

ഊര്‍ജോല്‍പാദന ചെലവിനേക്കാള്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാനയത് ഈ രം?ഗത്തെ വലിയ നേട്ടമാണെന്ന് യു.എസ് ഊര്‍ജ വകുപ്പ് വിശേഷിപ്പിച്ചു. എന്നാല്‍, വ്യാവസായിക തലത്തില്‍ ഫ്യൂഷന്‍ സാധ്യമാകുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് എല്‍എല്‍എന്‍എല്‍ ഡയറക്ടര്‍ കിം ബുഡില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എല്‍എല്‍എന്‍എല്ലിന്റെ നാഷണല്‍ ഇഗ്‌നിഷന്‍ ഫെസിലിറ്റിയിലെ ശാസ്ത്ര സംഘം നടത്തിയ പരീക്ഷണത്തില്‍ ‘നെറ്റ് എനര്‍ജി ഗെയിന്‍’ നേട്ടം കൈവരിച്ചതായി വൈറ്റ് ഹൗസ് ശാസ്ത്ര ഉപദേഷ്ടാവ് ആരതി പ്രഭാകര്‍ വ്യക്തമാക്കി. ചെലവാക്കിയ ഊര്‍ജത്തേക്കാള്‍ കൂടുതല്‍ ഊര്‍ജം ഉല്‍പാദിക്കുന്നതിനെയാണ് നെറ്റ് എനര്‍ജി ഗെയിന്‍ എന്നു പറയുന്നത്. നിലവില്‍ ആണവ കേന്ദ്രങ്ങളില്‍ അണുവിഘടന (ന്യൂക്ലിയര്‍ ഫിഷന്‍) രീതി ഉപയോഗിച്ചാണ് ഊര്‍ജോല്‍പാദനം. ആറ്റത്തിന്റെ ന്യൂക്ലിയസ് വിഭജിക്കുന്നതിലൂടെ വന്‍തോതില്‍ ഊര്‍ജം പുറത്തുവിടുന്ന രീതിയാണ് ന്യൂക്ലിയര്‍ ഫിഷന്‍. സുരക്ഷാ പ്രശ്‌നവും കാര്‍ബണ്‍ എമിഷനുമാണ് ഫിഷന്‍ രീതിയിലുള്ള ഊര്‍ജ ഉല്‍പാദനത്തിന്റെ പ്രധാന പ്രശ്‌നം.