വിനോദസഞ്ചാരികള്‍ക്ക് പൊന്മുടിയിലെ മഞ്ഞില്‍ അലിയാം ; മാസങ്ങള്‍ക്ക് ശേഷം പൊന്മുടി തുറക്കുന്നു
തെക്കന്‍ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി തുറക്കുന്നു. സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നു. മഴക്കാലത്ത് തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്. മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്കിനി സഞ്ചാരികള്‍ക്ക് സ്വാഗതം. നീണ്ട ഇടവേളയ്ക്ക് ശേഷം കുളിരും കാറ്റും കഥപറയുന്ന പൊന്മുടിക്കുന്നുകള്‍ സഞ്ചാരികളുടെ ഭൂപടത്തിലേക്ക് വീണ്ടും കടന്നുവരിയകയാണ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് തലസ്ഥാനത്തെ പ്രധാന സഞ്ചാര കേന്ദ്രം മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടത്. പന്ത്രണ്ടാം വളവില്‍ റോഡിടിഞ്ഞതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. റോഡ് പുനര്‍നിര്‍മ്മിച്ചതിന് പിന്നാലെ പ്രവേശനം അനുവദിക്കാന്‍ ടൂറിസം, ദുരന്ത നിവാരണ വകുപ്പുകള്‍ തീരുമാനിക്കുയായിരുന്നു.സാധാരണ ഒരുദിവസം നൂറുകണക്കിനാളുകളാണ് പൊന്മുടിയിലെത്തിയിരുന്നത്. ഓണക്കാലത്തും അവധിദിവസങ്ങളിലും വന്ജനത്തിരക്കനുഭവപ്പെട്ടിരുന്ന പൊന്മുടി വീണ്ടും സജീവമാകുകയാണ്. അതേസമയം റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.