കനത്ത മഴയില്‍ വെള്ളക്കെട്ട് ; സൗദി അറേബ്യയില്‍ ഒരാള്‍ മുങ്ങി മരിച്ചു
കനത്ത മഴയില്‍ സൗദി അറേബ്യയിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം വെള്ളക്കെട്ടില്‍ നിന്നും പുറത്തെടുത്തത്. അതേസമയം കഴിഞ്ഞ ആഴ്ചകളില്‍ സൗദി അറേബ്യയില്‍ കനത്ത മഴ പെയ്തിരുന്നു. ജിദ്ദയിലും മറ്റും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയായ ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴയില്‍ ജിദ്ദയില്‍ വെള്ളം കയറിയ റോഡുകളില്‍ കാറുകളും ബൈക്കുകളും പ്രവര്‍ത്തനരഹിതമായി.
മറ്റൊരു അപകടത്തില്‍ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു. 35കാരിയായ സിറിയന്‍ യുവതിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീണത്. ഷാര്‍ജ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഫോറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ ഷാര്‍ജ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടു. 46 നിലകലാണ് കെട്ടിടത്തിനുള്ളത്. ഒമ്പത് നിലകളില്‍ പാര്‍ക്കിങ് സൗകര്യവും ഹെല്‍ത്ത് ക്ലബ്ബുമുണ്ട്. ഭര്‍ത്താവിനൊപ്പം കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് യുവതി താമസിച്ചിരുന്നത്. ഈ അപ്പാര്‍ട്ട്മെന്റിന് ബാല്‍ക്കണി ഇല്ല. കാല്‍ വഴുതി വീണതാകാം മരണകാരണമെന്നു പോലീസ് സംശയിക്കുന്നു.ചോദ്യം ചെയ്യലിനായി യുവതിയുടെ ഭര്‍ത്താവിനെയും ദൃക്സാക്ഷികളെയും പൊലീസ് വിളിപ്പിച്ചിരുന്നു.