ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ തന്നെ കൂവിയവരെ പട്ടികളോട് ഉപമിച്ചു രഞ്ജിത്ത്

ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ തന്നെ കൂവി വിളിച്ച് പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ആള്‍ക്കൂട്ട പ്രതിഷേധം നായ്ക്കള്‍ കൂവിയത് പോലെയെന്നും ഐഎഫ്എഫ്‌കെ നടത്തിപ്പില്‍ വീഴ്ചയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ”കൂവി വിളിച്ചതിനെ വലുതാക്കേണ്ട. ആരോ എന്തോ ബഹളമുണ്ടാക്കി. അതില്‍ വലിയ കാര്യമില്ല. വയനാട്ടില്‍ എനിക്കൊരു വീടുണ്ട്. വീട് നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ പോറ്റാറുണ്ട്. അവര്‍ എന്നെ കാണുമ്പോള്‍ കുരയ്ക്കാറുണ്ട്. ഞാന്‍ വീടിന്റെ ഉടമസ്ഥന്‍ ആണെന്ന യാഥാര്‍ത്ഥ്യം അറിയാതെയാണത്. എനിക്കതിനോട് ചിരിയാണ് തോന്നുന്നത്. ഈ അപശബ്ദങ്ങളെയും അത്രയേ കാണുന്നുള്ളൂ. ചില ശബ്ദങ്ങള്‍ ഉണ്ടാകും. നായ മനപ്പൂര്‍വ്വം എന്നെ ടാര്‍ജറ്റ് ചെയ്ത് കുരക്കുന്നതല്ല. വല്ലപ്പോഴും എത്തുന്ന ആള്‍ എന്ന നിലയില്‍ എന്നോട് പരിചയമില്ലായ്മ ഉണ്ടാകാം. അതുകൊണ്ട് ഞാന്‍ ആ നായയെ തല്ലി പുറത്താക്കാന്‍ ശ്രമിക്കില്ല”- രഞ്ജിത് പ്രതികരിച്ചു.

നല്ല സിനിമ കാണിക്കുക എന്നുള്ളതായിരുന്നു മേളയുടെ വലിയ ലക്ഷ്യമെന്നും അതിന് കഴിഞ്ഞുവെന്നും രഞ്ജിത്ത് പറഞ്ഞു. ഉത്സാഹത്തോടെ വലിയൊരു പ്രേക്ഷക വിഭാഗം കാണുകയും ചെയ്തു. അതാണ് കരുത്ത്. ഈ ബഹളം ഒന്നും കാര്യമായി എടുക്കാറില്ല. മേള നടത്തിപ്പില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ചലച്ചിത്ര അക്കാദമിക്ക് ഒരു തരത്തിലുള്ള പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാന്‍ കാണികളെ പ്രേരിപ്പിച്ചത്. സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതാണ് തനിക്ക് നേരെ ഉയര്‍ന്ന കൂവലിന്റെ കാരണമെന്ന് പറഞ്ഞ രഞ്ജിത്ത് ആ സിനിമ തീയറ്ററില്‍ വരുമ്പോള്‍ എത്ര പേര്‍ കാണുമെന്ന് നോക്കാമെന്നും പറഞ്ഞു.

ഐഎഫ്എഫ് കെയുടെ സമാപന ചടങ്ങില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ കാണികളില്‍ ഒരു വിഭാഗം കൂവിയതിനെ തുടര്‍ന്നാണ് രഞ്ജിത്തിന്റെ പ്രതികരണം. എന്നാല്‍ കൂവി എന്നെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും 1977 ല്‍ എസ്എഫ്‌ഐയിലൂടെയാണ് താന്‍ പോരാട്ടം തുടങ്ങിയതെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. തന്നെ സ്വാഗതം ചെയ്തതാണോ കളിയാക്കിയതാണോ എന്ന് ചോദിച്ച് കൊണ്ടാണ് രഞ്ജിത്ത് തന്റെ പ്രസംഗം ആരംഭിച്ചത്.