ബഫര്‍സോണ്‍ അനുവദിക്കില്ല ; ചോര ഒഴുക്കിയും തടയും : താമരശ്ശേരി ബിഷപ്പ്
ബഫര്‍സോണ്‍ വിഷയത്തില്‍ ശക്തമായ നിലപാടുമായി താമരശ്ശേരി അതിരൂപത. ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ലെന്ന് താമരശ്ശേരി ബിഷപ്പ്. വിഷയത്തില്‍ മുഖ്യമന്ത്രി പരിഹാരം കാണണം. മറ്റ് സംസ്ഥാനങ്ങള്‍ സ്റ്റേ വാങ്ങി. കേരളം എന്തുകൊണ്ട് സ്റ്റേ വാങ്ങിയില്ല. ഉപഗ്രഹ സര്‍വ്വേക്ക് പിന്നില്‍ നിഗൂഢതയുണ്ടെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. സര്‍ക്കാര്‍ നടപടിയില്‍ അടിമുടി സംശയമുണ്ട്. ചോര ഒഴുക്കിയും ബഫര്‍സോണ്‍ തടയുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം നടക്കും. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.
വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നമുണ്ടായാലും അതിനെ പര്‍വതീകരിക്കുകയാണ്. പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ബഫര്‍സോണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചര്‍ച്ച തുടങ്ങിയ വിഷയമാണ്. എന്നാല്‍ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ തോന്നും ഇത് ഇപ്പോള്‍ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങള്‍ കര്‍ഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളും നല്‍കും. കെട്ടിടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ പ്രത്യേകം നല്‍കുന്നത് പരിഗണിക്കുന്നു. നിയമവശങ്ങള്‍ അറിയിക്കാന്‍ എ.ജിക്കും സ്റ്റാന്‍ഡിങ് കോണ്‍സലിനും നിര്‍ദേശം നല്‍കി.