ശബരിമലക്ക് പോകുന്ന തീര്‍ത്ഥാടകരുടെ തലയെണ്ണി കൈക്കൂലി ; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ ; ഒരു ഭക്തന്‍ നല്‍കേണ്ടത് 100 രൂപ
ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും തലയെണ്ണി കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കുമളിയിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ജി മനോജ്, അസിസ്റ്റന്റ് ഹരികൃഷ്ണന്‍ എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ശബരിമല തീര്‍ത്ഥാടകരെ അതിര്‍ത്തി കടത്തിവിടണമെങ്കില്‍ ഇവര്‍ക്ക് കൈക്കൂലി നല്‍കണമായിരുന്നു. ആളൊന്നിന് 100 രൂപ വീതമാണ് ഇവര്‍ തീര്‍ത്ഥാടകരില്‍ നിന്നും വാങ്ങിയിരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന അയ്യപ്പഭക്തന്മാരില്‍ നിന്നും കുമളി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നെന്ന് വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അയ്യപ്പഭക്തന്മാരുടെ വാഹനത്തില്‍ വേഷം മാറി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചെക്ക്പോസ്റ്റില്‍ എത്തി പരിശോധന നടത്തുകയായിരുന്നു.
ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 4000 രൂപയും കണ്ടെടുത്തു. ആദ്യം 500 രൂപ കൊടുത്തപ്പോള്‍ പത്ത് പേരുള്ള വണ്ടിയില്‍ ഒരാള്‍ക്ക് 100 രൂപ വീതം 1000 രൂപ നല്‍കാന്‍ മനോജ് നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോഴാണ് 4000 രൂപ കണ്ടെത്തിയത്. ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. വിജിലന്‍സ് സംഘം എത്തി 10 മിനിറ്റുകൊണ്ടാണ് 4000 രൂപ കൈക്കൂലിയായി വാങ്ങിയത്. ഡ്യൂട്ടി സമയത്ത് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് മദ്യപിച്ചിരുന്നതായും വിജിലന്‍സ് കണ്ടെത്തി. വിജിലന്‍സ് പിടികൂടുമ്പോള്‍ മനോജ് മദ്യപിച്ചിരുന്നു എന്ന മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് അടക്കമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിജിലന്‍സിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ വരുംദിവസങ്ങളില്‍ ഉണ്ടായേക്കും.