സൗദിയില്‍ പെണ്‍കുട്ടികള്‍ മുഖംമുഴുവന്‍ മറയ്ക്കുന്ന വസ്ത്രം നിരോധിച്ചു ; നിരോധനം പരീക്ഷാ ഹാളുകളില്‍

പരീക്ഷാ വേളകളില്‍ സ്ത്രീകളുടെ മുഖംമുഴുവന്‍ മറയ്ക്കുന്ന വസ്ത്രം (അബയ) നിരോധിച്ച് സൗദി അറേബ്യ. വിദ്യാഭ്യാസ മന്ത്രാലയത്തിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന സംവിധാനങ്ങളുടെയും ചുമതല വഹിക്കുന്ന സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്റേതാണ് തീരുമാനം. ഇനിമുതല്‍ പരീക്ഷാ ഹാളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുഖം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ അനുവദിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പരീക്ഷാ ഹാളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ യൂണിഫോം ധരിക്കണം. എന്നാല്‍ വസ്ത്രധാരണത്തില്‍ പൊതുവെ മാന്യമായ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

രാജ്യത്ത് നിരവധി സ്ത്രീകള്‍ അബയ ധരിക്കുന്നത് തുടരുന്നുണ്ടെങ്കിലും, 2018 ല്‍, അബയ ഇനി നിര്‍ബന്ധിച്ച് നടപ്പിലാക്കില്ലെന്ന് സൗദി പ്രഖ്യാപിച്ചിരുന്നു. മധ്യ കിഴക്കന്‍ മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയില്‍ സ്ത്രീകള്‍ ധരിക്കുന്ന ഒരു പുറം വസ്ത്രമാണ് അബയ. കറുത്ത നിറത്തിലെ അയഞ്ഞ ശിരോ വസ്ത്രം ശരീരം മുഴുവന്‍ മറയ്ക്കുന്നു. കൈയും തലയും കാലും ഉള്‍പ്പെടെ മറച്ചിരിക്കും. പരമ്പരാഗതമായി കറുത്ത നിറമാണെങ്കിലും ഇളംനീല, പിങ്ക് നിറങ്ങളിലുള്ള അബയ ധരിക്കുന്നവരുമുണ്ട്. കേരളത്തിലും ഇപ്പോള്‍ ഈ വസ്ത്രം ധരിക്കുന്നവര്‍ ഏറെയാണ്.