മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം , 20 കാരനെ ജനക്കൂട്ടം ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് എറിഞ്ഞു കൊന്നു

യു പിയില്‍ നിന്നാണ് ക്രൂരമായ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. അയോധ്യ-ഡല്‍ഹി എക്സ്പ്രസില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് 20 കാരനെ ജനക്കൂട്ടം ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ നിഷ്‌കരുണം മര്‍ദ്ദിച്ച ശേഷം തള്ളിയിടുകയായിരുന്നു. ഷാജഹാന്‍പൂരിലെ തില്‍ഹാര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഓവര്‍ഹെഡ് ലൈന്‍ തൂണില്‍ തലയിടിച്ചാണ് യുവാവ് മരിച്ചത്. യാത്രയ്ക്കിടെ തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി ഒരു യാത്രക്കാരി പരാതിപ്പെട്ടു. മറ്റു യാത്രക്കാര്‍ നടത്തിയ തെരച്ചിലില്‍ ലഖ്നൗവില്‍ നിന്ന് ട്രെയിനില്‍ കയറിയ യുവാവില്‍ നിന്നും ഫോണ്‍ കണ്ടെത്തി.

തുടര്‍ന്ന് ജനക്കൂട്ടം അരമണിക്കൂറോളം മര്‍ദ്ദിച്ച ശേഷം യുവാവിനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞു. ഇയാളുടെ വികൃതമായ മൃതദേഹം പിന്നീട് ട്രാക്കില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതില്‍ കുറച്ച് യാത്രക്കാര്‍ യുവാവിനെ നിഷ്‌കരുണം മര്‍ദിക്കുന്നതായി കാണാം. മറ്റ് യാത്രക്കാര്‍ ചിരിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. കേസിലെ മുഖ്യപ്രതി നരേന്ദ്ര ദുബെയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ് കരയുകയായിരുന്ന 20 കാരനെ നരേന്ദ്രയാണ് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സമാനമായ വേറെയും സംഭവങ്ങള്‍ ഇപ്പോള്‍ നോര്‍ത്തില്‍ തുടര്‍ക്കഥയാണ്.