പെണ്‍കുട്ടികളുടെ സ്വാതന്ത്രം ; ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമല്ല , 25 വയസിലെ പക്വത വരു’ ; വിചിത്ര വാദങ്ങളുമായി ആരോഗ്യസര്‍വകലാശാല

കോളേജ് ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന വാദവുമായി ആരോഗ്യസര്‍വകലാശാല. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രാത്രികാല നിയന്ത്രണങ്ങള്‍ക്കെതിരെ അടുത്തിടെ വിദ്യാര്‍കത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനു കോടതിയില്‍ നല്‍കിയ മറുപടിയിലാണ് വിചിത്ര വാദങ്ങള്‍ ഉള്ളത്. കൂടാതെ 25 വയസിലാണ് ആളുകള്‍ക്ക് പക്വത വരുന്നതെന്നും അതിന് മുമ്പ് പറയുന്നതൊന്നും അംഗീകരിക്കില്ലെന്നും സര്‍വകലാശാല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ 9.30ന് ശേഷം വിദ്യാര്‍ത്ഥിനികളെ പ്രവേശിപ്പിക്കുന്നില്ല എന്നായിരുന്നു പരാതി. ഇതിനെതിരെ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിനെതിരെയാണ് ആരോഗ്യ സര്‍വകലാശാല വിചിത്ര വാദങ്ങളോട് കൂടിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. ആഗോള തലത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 25 വയസിലാണ് ഒരാള്‍ക്ക് പൂര്‍ണമായ പക്വത വരികയെന്നും അതിന് മുമ്പ് എടുക്കുന്ന എന്ത് തീരുമാനങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കണമെന്നുമാണ് ആരോഗ്യ സര്‍വകലാശാല കോടതിയെ അറിയിച്ചത്.

പഠനത്തിന് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നത്. അതിനാല്‍ നൈറ്റ് ലൈഫ് ആസ്വദിക്കേണ്ടതില്ലെന്നും രാത്രിയില്‍ പുറത്തിറങ്ങേണ്ട ആവശ്യമില്ലെന്നും സര്‍വകലാശാല പറയുന്നു. 9 മണിക്ക് കോളേജുകളിലെ ലൈബ്രറികള്‍ അടയ്ക്കും അതുകൊണ്ട് 9.30 ന് ഹോസ്റ്റലില്‍ പ്രവേശിക്കണം എന്ന് പറയുന്നതില്‍ യാതൊരുവിധ തെറ്റും ഇല്ലെന്നാണ് ആരോഗ്യസര്‍വകലാശാലയുടെ വാദം. അതേസമയം രാത്രി 11.30 വരെ കോളേജ് ലൈബ്രറി പ്രവര്‍ത്തിപ്പിക്കണമെന്നും 10 മണിക്ക് മുമ്പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കണം എന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിനെതിരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഹോസ്റ്റല്‍ നിയന്ത്രണങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച വാദങ്ങളെയാണ് സര്‍വകലാശാല ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തള്ളിക്കളഞ്ഞത്.

അതേസമയം വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവേശന സമയക്രമത്തില്‍ ലിംഗവിവേചനം പാടില്ല എന്നാണ് സര്‍ക്കാര്‍ വാദം. സമയക്രമത്തില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. രാത്രി 9.30ന് മുന്‍പ് വിദ്യാര്‍ഥികള്‍ തിരികെ പ്രവേശിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് ബാധകമാണ്. ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലിംഗവിവേചനം ഉണ്ടാകരുതെന്നും ആരോഗ്യ-കുടുംബ?ക്ഷേമ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍, ഡെന്റല്‍ ഉള്‍പ്പെടെയുള്ള യുജി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ പ്രവേശനം സംബന്ധിച്ചാണ് ഉത്തരവ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഉത്തരവ് ബാധകമാണ്.