ലോകക്കപ്പ് ഫൈനല്‍ ; മെസിയുടെ രണ്ടാം ഗോളിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരുന്നില്ല

ലോകക്കപ്പ് ഫൈനലില്‍ മെസിയുടെ രണ്ടാം ഗോളിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരുന്നില്ല. എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീനയെ മുന്നലെത്തിച്ച ഗോള്‍ നേടിയതു അര്‍ജന്റൈന്‍ നായകന്‍ തന്നെയായിരുന്നു. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലില്‍ നിന്ന് ലഭിച്ച പന്ത് മെസി ഗോള്‍ വര കടത്തുകയായിരുന്നു. താരം ഓഫ്‌സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാര്‍ പരിശോധനയില്‍ അല്ലെന്ന് വ്യക്തമായിരുന്നു. പക്ഷേ, ഈ ഗോളിനെ ചൊല്ലിയുടെ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

ലിയോണല്‍ മെസിയുടെ ആ ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ചിലര്‍ വാദിക്കുന്നത്. അര്‍ജന്റീന നായകന്‍ ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോള്‍ തന്നെ കുറച്ച് അര്‍ജന്റീന താരങ്ങള്‍ സൈഡ് ലൈന്‍ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. അവസാന നിമിഷം വരെ ആവേശം ചോരാതെ ത്രില്ലറായി മാറിയ കലാശ പോരാട്ടത്തിനൊടുവിലാണ് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് മെസിയും കൂട്ടരും കിരീടം കൊത്തിപ്പറന്നത്. മത്സരത്തില്‍ രണ്ട് ഗോളുകളാണ് ലിയോണല്‍ മെസി സ്വന്തമാക്കിയത്. ഏയ്ഞ്ചല്‍ ഡി മരിയയെ വീഴ്ത്തിയതിന് ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി മെസി ലക്ഷ്യത്തിലെത്തിച്ചു.