ഭാര്യയ്‌ക്കൊപ്പം വിരുന്നിന് പോയ വീട്ടിലെ കുളിമുറിയില്‍ പെന്‍ ക്യാമറ ഒളിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഐടി വിദഗ്ധന്‍ അറസ്റ്റില്‍

വിവാഹ ശേഷം ഭാര്യയ്ക്ക് ഒപ്പം വിരുന്നിനെത്തിയ വീട്ടിലെ കുളിമുറിയില്‍ പെന്‍ക്യാമറ ഒളിപ്പിച്ച് പെണ്കുട്ടികളുടെ നഗ്‌നദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ ഐടി വിദഗ്ധന് അറസ്റ്റിലായി. തേവര കോന്തുരുത്തി സ്വദേശി സനലാണ്(40) പൊലീസ് പിടിയിലായത്. ഭാര്യയ്‌ക്കൊപ്പം വിരുന്നിനെത്തിയ വീട്ടിലാണ് ഇയാള്‍ കുളിമുറിയില്‍ പെന്‍ ക്യാമറ വെച്ചത്. വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ പോയപ്പോള്‍ പേന കണ്ടെത്തുകയായിരുന്നു. ഇത് ക്യാമറയാണെന്ന് ആദ്യം മനസിലായിരുന്നില്ല. അതിനിടെ പേന തന്റേതാണെന്നും അബദ്ധത്തില്‍ കുളിമുറിയില്‍വെച്ച് മറന്നുപോയതാണെന്നും സനല്‍ പറഞ്ഞു.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ നടത്തിയ വിശദ പരിശോധനയിലാണ് കുളിമുറിയില്‍നിന്ന് ലഭിച്ചത് പെന്‍ ക്യാമറയാണെന്ന് ബോധ്യമായത്. തുടര്‍ന്ന് സനലിനെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ ദിവസം സനലിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെന്‍ ക്യാമറ വെച്ച കാര്യം ഇയാള്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സനലിന്റെ അറസ്റ്റ് എറണാകുളം സൌത്ത് പൊലീസ് രേഖപ്പെടുത്തി.