ലോകകപ്പ് സംപ്രേക്ഷണത്തില്‍ റെക്കോര്‍ഡിട്ട് ജിയോസിനിമ ; ആപ്പിലൂടെ കണ്ടത് 11 കോടി പേര്‍; തൊട്ടു പിന്നാലെ ബെവ്‌കോ ; വിറ്റത് 50 കോടിയുടെ മദ്യം

ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീന ഫ്രാന്‍സ് ഫൈനല്‍ മത്സരം കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവുമധികം ഉപയോഗിച്ചത് ജിയോ സിനിമ ആപ്പെന്ന് റിപ്പോര്‍ട്ടുകള്‍. വയാകോം 18ന്റെ ആപ്പായ ജിയോ സിനിമയിലൂടെ സൗജന്യമായിട്ടാണ് വേള്‍ഡ് കപ്പ് ഫൈനലിന്റെ തത്സമയ ദൃശ്യങ്ങള്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. അതുതന്നെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ വേള്‍ഡ് കപ്പ് കാണാന്‍ ജിയോ സിനിമ ആപ്പ് ഉപയോഗിക്കാനുള്ള പ്രധാന കാരണവും. 110 മില്യണ്‍ അഥവാ 11 കോടി ആണ് ഈ സമയത്ത് ജിയോ സിനിമയ്ക്ക് ലഭിച്ച വ്യൂവര്‍ഷിപ്പ്.

അതുമാത്രമല്ല, ഇതാദ്യമായാണ് ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം സംപ്രേക്ഷണം ടിവി പ്രേക്ഷകരെ മറികടക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 20 മുതല്‍ ആപ്പിള്‍ ഐഒഎസിലൂടെയും ആന്‍ഡ്രോയ്ഡിലുടെയും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന പ്രത്യേകതയും ജിയോ സിനിമ ആപ്പിന് തന്നെയാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ ലൈവ് സ്ട്രീമിംഗ് നടത്താനായി എന്നതാണ് ഈ റെക്കോര്‍ഡുകള്‍ നേടാന്‍ ജിയോ സിനിമ ആപ്പിനെ സഹായിച്ചത്. അതുകൂടാതെ ലൈവ് സ്ട്രീമിംഗ് സമയത്ത് ഹൈപ്പ് മോഡ് സര്‍വ്വീസും ആപ്പിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു. ഈ സേവനത്തിലൂടെ മത്സരവും ഹൈലൈറ്റുകളും വ്യത്യസ്ത ആംഗിളില്‍ നിന്ന് കാണാന്‍ കഴിഞ്ഞിരുന്നു.

അതേസമയം ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ഇങ്ങനെ കേരളത്തിലെ ബിവറേജസ് കോര്‍പറേഷനും കോളടിച്ചു. ലോകകപ്പ് ദിനത്തില്‍ മദ്യവില്‍പനയില്‍ വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ബെവ്‌കോ. 50 കോടി രൂപയുടെ മദ്യമാണ് ലോകകപ്പ് ഫൈനല്‍ നടന്ന ഡിസംബര്‍ 18 ഞായറാഴ്ച ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റഴിച്ചത്. സാധാരണഗതിയില്‍ ഞായറാഴ്ചകളില്‍ ശരാശരി 30 കോടിയുടെ വില്‍പനയാണ് ഞായറാഴ്ചകളില്‍ നടക്കാറുള്ളത്. ഇപ്പോള്‍ പുറത്തുവന്ന കണക്ക് പ്രകാരം 20 കോടിയുടെ അധിക മദ്യവില്‍പനയാണ് ലോകകപ്പ് ഫൈനല്‍ ദിനം നടന്നത്. സാധാരണഗതിയില്‍ സംസ്ഥാനത്ത് ഓണം, ക്രിസ്മസ്, ഡിസംബര്‍ 31 ദിവസങ്ങളിലാണ് റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു.