പിണറായിക്ക് പാല് കുടിക്കാന്‍ മില്‍മ പോരെ എന്ന് പി സി ജോര്‍ജ്ജ് ; ഒരു ദിവസം പത്തോ ഇരുപതോ ലിറ്റര്‍ പാല് കുടിക്കട്ടെ എന്ന് പരിഹാസം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവും പരിഹാസവും ഉന്നയിച്ചു കേരള കോണ്‍ഗ്രസ് ജനപക്ഷം സെക്കുലര്‍ നേതാവ് പിസി ജോര്‍ജ് . സര്‍ക്കാര്‍ വന്‍തോതില്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശയാത്രകള്‍ ഇതിന് തെളിവാണ്. ഇതിനു പിന്നാലെയാണ് ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മാണം നടത്തിയത്. 48 ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ ഈ നിര്‍മ്മാണം അനാവശ്യമാണെന്ന് പിസി ജോര്‍ജ് വിമര്‍ശിച്ചു. പിണറായി വിജയന് പാല് കുടിക്കണമെങ്കില്‍ മില്‍മ നല്‍കില്ലേ. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റര്‍ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നത്. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ട് എന്നും പിസി ജോര്‍ജ് ആരോപിച്ചു.

കൂടാതെ ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള ഉപഗ്രഹ സര്‍വേ ജനങ്ങള്‍ക്ക് ആപത്ത് ആണെന്നും പിസി ജോര്‍ജ് ആരോപിച്ചു. ഉപഗ്രഹ സര്‍വ്വ വലിയ വഞ്ചനയും പിടിച്ചുപറിയും ആണ്. ബഫര്‍ സോണ്‍ വന്നാല്‍ ഇടുക്കി ജില്ല മുഴുവന്‍ തകരും. ഇനി ഒരു മുറുക്കാന്‍ കടയ്ക്കുപോലും ഇടുക്കിയില്‍ കമ്പടിക്കാന്‍ കഴിയില്ല എന്നും ജോര്‍ജ് ആരോപിച്ചു.ബഫര്‍ സോണില്‍ ഒരു കിലോമീറ്റര്‍ എയര്‍ ഡിസ്റ്റന്‍സ് ആണ്. എന്നാല്‍ റോഡ് വഴിയുള്ള ബഫര്‍ സോണ്‍ ദൂരം 9 കിലോമീറ്റര്‍ വരും. ബഫര്‍സ്സോണിലുള്ള ജനങ്ങള്‍ എവിടെ പോകണം എന്ന് സര്‍ക്കാര്‍ പറയണം എന്നും ജോര്‍ജ് പറഞ്ഞു. കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളായ കോരുത്തോട്,എരുമേലി പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളും ബഫര്‍ സോണായി മാറിയിരിക്കുകയാണ്. ആകെ ഭൂ വിസ്തൃതിയുടെ 72.44 ശതമാനം വനപ്രദേശമായ ഇടുക്കി ജില്ലയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി മാറിയാല്‍ 31 വില്ലേജുകളെയാണ് ഇത് ബാധിക്കുന്നത്. ജില്ലയില്‍ ജനജീവിതം അസാധ്യമായി തീരുന്ന സ്ഥിതി വിശേഷം ഉണ്ടാകും.

2016-മുതല്‍ കേന്ദ്രം ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് ഈ വിഷയത്തില്‍ കേരളത്തിന് തിരിച്ചടി ഉണ്ടാക്കിയതെന്ന് വ്യക്തമാണ്. യഥാസമയം ആവശ്യപ്പെട്ട വിവരങ്ങള്‍ കേന്ദ്രത്തിന് നല്‍കാതിരുന്നത് മനപ്പൂര്‍വ്വം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ വച്ച നടപടി സര്‍ക്കാരിന് വൈകി വന്ന വിവേകമാണ്. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരായ ജന സമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാര്‍ഷിക മേഖലകളായ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വന ഭൂമിയാണെന്ന കണ്ടെത്തല്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ മലയോര മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും പി സി മുന്നറിയിപ്പ് നല്‍കി.