വീണ്ടും നരബലി ; യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
സംസ്ഥാനത്ത് വീണ്ടും നരബലിക്ക് ശ്രമം. കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയില്‍ ആണ് ഇത്തവണ നരബലി ശ്രമം ഉണ്ടായത്. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കര്‍മ്മം നടന്നത്. കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി തലനാരിഴയ്ക്കാണ് നരബലിയില്‍ നിന്ന് രക്ഷപെട്ടത്. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയില്‍ എത്തിച്ചത്. ഈ മാസം 8 ന് അര്‍ധരാത്രിയാണ് സംഭവം നടന്നത്. ഭര്‍ത്താവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് കളം വരച്ച് ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നല്‍കാന്‍ പോകുന്നു എന്ന് പറഞ്ഞു.
ഇതെസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരന്‍ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടന്‍ യുവതി മുറിയില്‍ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. പുറത്ത് നിന്ന് വന്നയാള്‍ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നല്‍കി. ‘ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല ഈ സംഭവം. ഇതെന്റെ രണ്ടാം ജന്മമാണ്. ഗുണ്ടകളുടെ കൈയിലുണ്ടാവില്ലേ വലിയ വടിവാള്‍ കത്തി ? അതുപോലെ ഒരു കത്തി കൈയിലുണ്ടായിരുന്നു’- യുവതി പറഞ്ഞു. കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയില്‍ നരബലി ശ്രമം ഉണ്ടായെന്ന വാര്‍ത്ത ട്വന്റിഫോറാണ് ആദ്യമായി പുറത്തുവിട്ടത്.