കര്‍ണാടകയില്‍ നാലാം ക്ലാസുകാരനെ അധ്യാപകന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞുകൊന്നു
കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ നരഗുണ്ട് താലൂക്കിലെ ഹദ്ലി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണമായ സംഭവം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. താല്‍ക്കാലിക അധ്യാപകനായ മുത്തപ്പ യെല്ലപ്പ സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് കുട്ടിയെ ചട്ടുകം കൊണ്ട് അടിക്കുകയും താഴേക്ക് എറിയുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. 45കാരനാണ് മുത്തപ്പ. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ ‘അമ്മ ഇതേ സ്‌കൂളിലെ ടീച്ചര്‍ ആണ്. കുട്ടിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ പ്രതി ചട്ടുകം കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഇവര്‍ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.
‘വീഴ്ചയുടെ ആഘാതത്തില്‍ കുട്ടി കൊല്ലപ്പെടുകയും, ആക്രമണത്തില്‍ അമ്മയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരു അധ്യാപകനായ സംഗനഗൗഡ പട്ടീലിന് നിസാര പരിക്കുണ്ട്, അദ്ദേഹത്തെ അടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്’- പൊലീസ് സുപ്രണ്ട് ശിവപ്രകാശ് ദേവരാജു മാധ്യമങ്ങളോട് പറഞ്ഞു. ക്രൂരമായ ആക്രമണത്തിന് ശേഷം മുത്തപ്പ ഓടി രക്ഷപ്പെട്ടു. ഇയാളെ ഇന്നലെ ഉച്ചയോടെ പിടികൂടി. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം എന്താണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നു വ്യക്തമല്ല.