റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു യുവാക്കളില്‍ നിന്നും തട്ടിയത് രണ്ടരക്കോടി ; ചെയ്യിപ്പിച്ച ജോലി ഒരു മാസത്തോളം തീവണ്ടികളുടെ എണ്ണമെടുപ്പിക്കല്‍
തൊഴില്‍ ഇല്ലായ്മ വര്‍ധിക്കുന്നതിന് പിന്നാലെ തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും രാജ്യത്തു വര്‍ധിക്കുകയാണ്. അത്തരത്തില്‍ ഒരു വലിയ തട്ടിപ്പിന്റെ വാര്‍ത്തയാണ് ഇവിടെ. ഇന്ത്യന്‍ റെയില്‍വേയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പരിശീലനത്തിനെന്നപേരില്‍ ന്യൂഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ തീവണ്ടികളുടെ എണ്ണമെടുപ്പിച്ചാണ് രണ്ടരക്കോടിയിലേറെ രൂപ തട്ടിയെടുത്തത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന തട്ടിപ്പില്‍ മധുരയിലും സമീപഗ്രാമങ്ങളില്‍ നിന്നുമുളള 28 യുവാക്കളാണ് വഞ്ചിക്കപ്പെട്ടത്.
നോര്‍ത്തേണ്‍ റെയില്‍വേയില്‍ ടി.ടി.ഇ, ട്രാഫിക് അസ്റ്റിസ്റ്റന്റ്, ക്ലാര്‍ക്ക് തസ്തികകളില്‍ ഒഴിവുണ്ടെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയത്.പല തസ്തികകളിലേക്കാണ് അപേക്ഷിച്ചതെങ്കിലും തീവണ്ടികളുടെ എണ്ണമെടുക്കലായിരുന്നു ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ പരിശീലനം. ഒരു മാസത്തോളം നീണ്ടു നിന്ന പരിശീലനത്തില്‍ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ വന്നുപോകുന്ന തീവണ്ടികളുടെ എണ്ണം, സമയം,കോച്ചുകളുടെ എണ്ണം, സ്ഥാനം എന്നിവയെല്ലാം രേഖപ്പെടുത്തണം. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനകളും നടത്തി.
വിമുക്തഭടന്‍ എം. സുബ്ബുസാമി പരാതി നല്‍കിയപ്പോഴാണ് സംഭവം വെളിച്ചത്തായത്. തട്ടിപ്പാണെന്നറിയാതെ ഇദ്ദേഹമാണ് യുവാക്കളെ ഡല്‍ഹിയിലെത്തിക്കാനും പണം വാങ്ങാനും കൂട്ടുനിന്നത്. കബളിപ്പിക്കപ്പെട്ട 28 പേരും എന്‍ജിനിയറിങ് ബിരുദ,ഡിപ്ലോമക്കാരാണ്. ആകെ 2.67 കോടി രൂപ നഷ്ടപ്പെട്ടതായാണ് പരാതി. പരിശീലനത്തിനുള്ള ഉത്തരവ്, അതു പൂര്‍ത്തിയായതിന്റെ സര്‍ട്ടിഫിക്കറ്റ്, നിയമന ഉത്തരവ്, ഐ.ഡി.കാര്‍ഡുകള്‍ എന്നിവയെല്ലാം വ്യാജമാണന്ന് ഈയടുത്താണ് തട്ടിപ്പിനിരയായവര്‍ തിരിച്ചറിഞ്ഞത്. ഇതിന്റെ പേരില്‍ രണ്ടുമുതല്‍ 24 ലക്ഷം രൂപവരെ തട്ടിയെടുക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.