കൂട്ടുകാര്‍ക്ക് പണം കടം കൊടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ കൂട്ടുകാരില്‍ നിന്നും അറിയാവുന്നവരില്‍ നിന്നുമൊക്കെ നാം പണം കടം വാങ്ങാറുണ്ട്. ഇത്തരത്തിലുള്ള കടങ്ങള്‍ ടാക്സബിള്‍ അല്ല. എന്നുകരുതി എത്ര രൂപ വേണമെങ്കിലും കടമായി വാങ്ങാം എന്നില്ല കേട്ടോ. എന്നാല്‍ കടം കൊടുക്കുന്ന വ്യക്തി അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട് നമ്മുടെ നാട്ടില്‍. സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ 20,000 രൂപയില്‍ താഴെ മാത്രമേ പണമായി കൈമാറാന്‍ പാടുള്ളുവെന്നാണ് നിയമം. അതില്‍ കൂടുതലുള്ള തുക ചെക്ക് വഴിയോ ബാങ്ക് ഡ്രാഫ്റ്റ് വഴിയോ അക്കൗണ്ട് വഴിയുള്ള ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ മുഖേനെയോ വേണം കൈമാറാന്‍.

തിരിച്ചടവിന്റെ കാര്യത്തിലും ഈ നിയമം ബാധകമാണ്. 20,000 രൂപയില്‍ കൂടുതല്‍ പണം കറന്‍സിയായി കൈമാറിയാല്‍ മുഴുവന്‍ തുകയും പിഴയായി ടാക്സ് ഓഫിസര്‍ക്ക് നല്‍കേണ്ടി വരും. കടം കൊടുക്കുന്നത് ടാക്സ് പരിധിയില്‍ വരില്ലെങ്കിലും, ഈ കടത്തിന് മേല്‍ ലഭിക്കുന്ന പലിശ നികുതി സ്ലാബില്‍ വരും. പ്രവാസികളില്‍ നിന്ന് ഇന്ത്യയിലുള്ളവര്‍ക്ക് കടം വാങ്ങാം. പക്ഷേ ഒരു വിദേശ പൗരനില്‍ നിന്ന് ഇന്ത്യയിലുള്ളവര്‍ക്ക് വായ്പ സ്വീകരിക്കാന്‍ കഴിയില്ല എന്നും നിയമമുണ്ട്.