ഒമ്പതാം ക്ലാസുകാരിക്ക് വിവാഹം ; കൂട്ടമായിച്ചെന്ന് കുത്തിയിരിപ്പ് സമരം നടത്തി കല്യാണം മുടക്കി കൂട്ടുകാര്‍

സ്‌കൂളില്‍ പഠിക്കുന്ന സമയം തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടുന്ന പതിവ് നമ്മുടെ നാട്ടില്‍ ഇപ്പോഴും തുടരുന്ന ഒന്നാണ്. ഇന്ത്യയുടെ പല ഭാ?ഗത്തും ഇപ്പോഴും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നുണ്ട്.കേരളത്തിലും ഇത്തരത്തിലുള്ള വിവാഹങ്ങള്‍ രഹസ്യമായി നടക്കാറുണ്ട്. പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയില്‍ ഒരു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹവും വീട്ടുകാര്‍ ഇതുപോലെ ആരും അറിയാതെ നടത്താന്‍ തീരുമാനിച്ചതാണു. എന്നാല്‍,സമര്‍ഥരായ സഹപാഠികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു കുട്ടിയെ രക്ഷിച്ചു. ഗോലാര്‍ സുശീല ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് സഹപാഠിയെ ബാലവിവാഹത്തില്‍ നിന്നും രക്ഷിച്ചെടുത്തത്.

ആദ്യം പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ച കാര്യം ക്ലാസിലെ മറ്റ് കുട്ടികള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഒരാഴ്ച തുടര്‍ച്ചയായി കുട്ടി ക്ലാസില്‍ എത്താത്തത് സഹപാഠികളുടെ ശ്രദ്ധയില്‍ പെട്ടു. ഇതേ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ വിവാഹം ഉറപ്പിച്ച കാര്യം അറിയുന്നത്. ഇതോടെ ഈ വിദ്യാര്‍ത്ഥികള്‍ നേരെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്നു. കുട്ടിയെ സ്‌കൂളിലേക്ക് വിടണം എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ സംഭവം കൈവിട്ടു പോവുമോ എന്ന് ഭയന്നെങ്കിലും കുട്ടിയെ സ്‌കൂളിലേക്ക് അയക്കാന്‍ തയ്യാറായില്ല. മാത്രമല്ല, ഇത് പ്രശ്‌നമാകുമോ എന്ന പേടിയെ തുടര്‍ന്ന് കുട്ടിയെ പെട്ടന്ന് ഒരു ദിവസം വരന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

എന്നാല്‍,കുട്ടികളും വെറുതെ ഇരുന്നില്ല. തങ്ങളുടെ കൂട്ടുകാരിയെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ സഹപാഠികള്‍ തയ്യാറായിരുന്നില്ല. അവര്‍ നേരെ വരന്റെ വീട്ടിലും ചെന്നു. തങ്ങളുടെ സഹപാഠിയെ വിട്ടയച്ചില്ലെങ്കില്‍ ഇവിടെ കുത്തിയിരുന്ന് സമരം നടത്തുമെന്നും ഇവര്‍ വരന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടിയുടേയും വരന്റെയും വീട്ടുകാര്‍ ഭയന്നു. കുട്ടിയെ അവളുടെ സഹപാഠികള്‍ക്കൊപ്പം വിട്ടയച്ചു. ഏതായാലും ഒരു വലിയ അനീതിക്കെതിരെയും തങ്ങളുടെ സഹപാഠിയുടെ ഭാവിക്ക് വേണ്ടിയും ശക്തമായി നിലകൊണ്ട വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേഷ് ചന്ദ്രപാഡിയ അഭിനന്ദിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരുപാടുള്ളത് കൊണ്ടാണ് കുട്ടിയെ നേരത്തെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ പറഞ്ഞു. ഏതായാലും 18 വയസ് തികയാതെ ഇനി കുട്ടിയെ വിവാഹം കഴിപ്പിക്കില്ല എന്ന് കുടുംബം ഉറപ്പ് പറഞ്ഞതായി കേശ്പൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായ ദീപക് കുമാര്‍ ഘോഷ് പറഞ്ഞു.