മാസ്ക്കും വാക്സിനും മടങ്ങി വരുന്നു ; കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ സാധ്യത
രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ സാധ്യത. ഇതിനെ തുടര്‍ന്ന് ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ക്ക് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കാനും സാധ്യതയുണ്ട്. അതേസമയം, ചൈനയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. ചൈനയിലേക്കും ചൈനയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തല്ക്കാലം തീരുമാനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
എന്നാല്‍ പ്രധാനമന്ത്രിയുടെ യോഗത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം ഉണ്ടായേക്കും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് സാധ്യത. ക്വാറന്റീന് സൗകര്യങ്ങള്‍ കൂട്ടാന്‍ നിര്‍ദേശം നല്‍കും.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തെ സ്ഥിതി നിരീക്ഷിച്ച് വരികയാണ്. പോസിറ്റീവ് ആകുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാസ്ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗവും ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാവരും വാക്സിന്റെ മുന്‍കരുതല്‍ ഡോസ് എടുക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി. ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ മാസ്ക് നിര്‍ബന്ധമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് രാജ്യം പോകുവാന്‍ സാദ്യത ഇല്ല എന്നും പറയപ്പെടുന്നു.