ഫോണിലൂടെ കുട്ടികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുന്നു ; ബൈജൂസിനെതിരെ നടപടി എടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍
പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസ് ആപ്പിനെതിരെ നടപടി എടുക്കാന്‍ ദേശിയ ബാലാവകാശ കമ്മീഷന്‍. ബൈജൂസ് ആപ്പ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി ശല്യപ്പെടുത്തുകയും കോഴ്‌സുകള്‍ വാങ്ങിയില്ലെങ്കില്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) പറഞ്ഞു. ‘ബൈജൂസ് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങുകയും അവരെ നിരന്തരം വിളിക്കുകയും കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു. ഇതില്‍ നടപടിയെടുക്കുകയും, ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് നല്‍കുകയും ചെയ്യും’ ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ബൈജൂസിന്റെ സെയില്‍സ് ടീം തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോഴ്‌സ്‌കള്‍ വിറ്റഴിച്ചെന്ന പരാതിയില്‍ ഡിസംബര്‍ 23 ന് ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനോട് നേരിട്ട് ഹാജരാകാനും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഡാറ്റാബേസ് വാങ്ങിയെന്ന അവകാശവാദം ബൈജൂസ് നിഷേധിച്ചു. ‘വിദ്യാര്‍ത്ഥികളുടെ ഡാറ്റാബേസുകള്‍ വാങ്ങിയെന്ന ആരോപണം ബൈജൂസ് ശക്തമായി നിഷേധിക്കുന്നു. ഞങ്ങള്‍ ഒരു വിദ്യാര്‍ത്ഥികളുടെയും ഡാറ്റാബേസ് വാങ്ങിയിട്ടില്ലെന്നും മാധ്യമങ്ങള്‍ അത്തരം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും’ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
15 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ ബൈജൂസ് ബ്രാന്‍ഡിന് ഇന്ത്യയില്‍ ഉണ്ടെന്നും അതിനാല്‍ ഞങ്ങള്‍ക്ക് പുറത്ത് നിന്ന് ഡാറ്റാബേസുകള്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡുകളുടെ കാന്തര്‍ പട്ടികയില്‍ ബൈജൂസ് 19-ാം സ്ഥാനത്താണെന്നും കമ്പനി പറഞ്ഞു. എന്നാല്‍ ബൈജൂസിന്റെ സെയില്‍സ് ടീം കോഴ്‌സുകള്‍ വാങ്ങുന്നതിനായി രക്ഷിതാക്കളെ പ്രലോഭിപ്പിക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.ഉപഭോക്താക്കളോട് ലോണ്‍ എടുത്ത് കോഴ്സുകള്‍ വാങ്ങാന്‍ ബൈജൂസ് നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എഡ്-ടെക് പ്ലാറ്റ്‌ഫോമിനെതിരെ നിരവധി മാതാപിതാക്കളില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ പരാതിയില്‍ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി.