തിരുവനന്തപുരത്ത് ജനുവരി 7ന് ബിജെപി ഹര്‍ത്താല്‍

മേയറുടെ നിയമന കത്ത് വിവാദത്തില്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജനുവരി ഏഴിന് ബിജെപി ഹര്‍ത്താല്‍ ആചരിക്കും. പ്രതിഷേധ സമരം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് സമരത്തിന് ആഹ്വാനം ചെയ്തതെന്നാണ് സൂചന. ഹര്‍ത്താലിന് മുന്നോടിയായി ജനുവരി 2 മുതല്‍ അഞ്ചുവരെ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചു. ജനുവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു.

അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേടുകള്‍ തള്ളി നീക്കിക്കൊണ്ട് പ്രതിഷേധക്കാര്‍ അകത്തു കടക്കാന്‍ ശ്രമം നടത്തി. മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട് എങ്കിലും ഒരിഞ്ചു പോലും അന്വേഷണം മുന്നോട്ട് പോകുന്നില്ല എന്നാണ് പൊതുവെ ഉള്ള ആക്ഷേപം.