കോവിഡ് കണക്കില്‍ വീണ്ടും കള്ളം കാണിച്ചു ചൈന ; ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങള്‍ നല്‍കുന്നില്ല
ഒരു വശത്ത് കോവിഡ് നാട്ടില്‍ ദുരിതം വിതയ്ക്കുന്നതിനേക്കാള്‍ ചൈനക്ക് ശ്രദ്ധ രാജ്യത്തിന്റെ സല്‍പ്പേര് പോകാതിരിക്കാന്‍. ആയിരങ്ങള്‍ കോവിഡ് കാരണം മരിച്ചു വീഴുന്ന സമയത്തും ചൈന കൊവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകള്‍ കൈമാറുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ചൈനയില്‍ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാല്‍ കണക്കുകള്‍ നല്‍കാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം ചൈനയില്‍ ഓരോ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഡിസംബര്‍ 4ന് ചൈനയില്‍ പ്രതിദിനം 28,859 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത്. എന്നാല്‍ ഡിസംബര്‍ 4ന് ശേഷം ചൈനയില്‍ നിന്ന് കണക്കുകളൊന്നും ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചിട്ടില്ല. അതേസമയം ചൈനയില്‍ കണ്ടെത്തിയ ബിഎഫ് 7 ലോകമെമ്പാടും പടര്‍ന്ന് പിടിക്കുകയാണ്. ബിഎഫ് 7 ന്റെ ആഘാതം പൂര്‍ണതോതില്‍ അറിയണമെങ്കില്‍ ചൈനയിലെ കണക്കുകള്‍ ലഭിച്ചേ പറ്റൂ. ഈ അവസരത്തില്‍ ചൈന കണക്കുകള്‍ മൂടി വയ്ക്കാന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്ന് ജോര്‍ജ്ടൗണ്‍ സര്‍വകലാശാല പ്രൊഫസര്‍ ലോറന്‍സ് ഗോസ്റ്റിന്‍ റോയിറ്റസിനോട് പറഞ്ഞു.