ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യം ചോദ്യം ചെയ്തു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കമ്മിറ്റി അംഗങ്ങളുടെ മര്‍ദ്ദനം

ആലപ്പുഴ : ഹോം സ്റ്റേയുടെ മറവില്‍ നടന്നുവന്ന അനാശാസ്യ പ്രവര്‍ത്തനം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ നടത്തിപ്പുകാരനായ ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. സംഭവത്തില്‍ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം മുല്ലയ്ക്കല്‍ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ (42) നാണ് മര്‍ദനമേറ്റത്. നട്ടെല്ലിനും നെഞ്ചിനും പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിയെ ആക്രമിച്ച സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ മുന്‍ കണ്‍വീനറും സിപിഎം തിരുമല ബി ബ്രാഞ്ച് കമ്മിറ്റിയംഗവുമായ തിരുമല പോഞ്ഞിക്കരയില്‍ ടി.എ.സുധീര്‍, ഹോം സ്റ്റേ നടത്തിപ്പു പങ്കാളി സുനില്‍ എന്നിവരെയാണ് അറസ്റ്റിലായത്. വധശ്രമത്തിനാണു കേസ് ഇരുവര്‍ക്കെതിരെയും കേസ് എടുത്തിട്ടുള്ളത്.

ഫയര്‍ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യം നടക്കുന്നതായി ആരോപിച്ച് 6 മാസം മുന്‍പ് നാട്ടുകാര്‍ കെട്ടിടം പൂട്ടിച്ചിരുന്നു. അന്ന് പ്രതിഷേധത്തിനു നേതൃത്വം നല്‍കാന്‍ സുധീറും രംഗത്തുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ സുധീറും സുനിലും ചേര്‍ന്ന് ഹോംസ്റ്റേ പാട്ടത്തിന് എടുത്തു. ഇതിനു ശേഷവും സ്ഥലത്ത് അനാശാസ്യ പ്രവര്‍ത്തനം തുടരുകയാണെന്ന് പ്രദേശത്തെ നൂറോളം വീട്ടുകാര്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ സുധീറിനെ താക്കീത് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്, ഇന്നലെ രാവിലെ വാനില്‍ പോകുകയായിരുന്ന സോണിയെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. വണ്ടിയില്‍ നിന്ന് വലിച്ചിറക്കിയ ശേഷമായിരുന്നു മര്‍ദനം. പരുക്കേറ്റു റോഡില്‍ കിടന്ന സോണിയെ അഗ്‌നിരക്ഷാ സേനയാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.