സിദ്ദിഖ് കാപ്പന് ജാമ്യം ; വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ പുറത്തിറങ്ങാം

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാം. കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനു യുഎപിഎ കേസില്‍ സിദ്ധിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ജയിലില്‍ തന്നെ കഴിയുകയായിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ഹാഥ്റാസില്‍ സമാധാനം തകര്‍ക്കാന്‍ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ അന്ന് മുതല്‍ ജയിലില്‍ ആണ്.