ചെയ്യാത്ത കുറ്റത്തിന് 25 വര്‍ഷം ജയിലില്‍ കിടന്നയാള്‍ പുറത്തിറങ്ങി രണ്ടുവര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടു
ചെയ്യാത്ത കുറ്റത്തിന് 25 വര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞയാലിനെ പുറത്തിറങ്ങി രണ്ടു വര്‍ഷത്തിനിപ്പുറം അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ഒരു ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കവേയാണ് അയാള്‍ വെടിയേറ്റ് മരിച്ചത്. നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ ടയര്‍ ലിറ്റിലിന്റെ ശവസംസ്കാര ചടങ്ങിനിടെ വാഹനമോടിക്കുന്നതിനിടയിലാണ് ആറ് കുട്ടികളുടെ പിതാവായ ക്രിസ്റ്റഫര്‍ വില്യംസിന് തലയ്ക്ക് വെടിയേറ്റത്. നാല് കൊലപാതക കുറ്റമാണ് വില്യംസിന് മേലുണ്ടായിരുന്നത്. എന്നാല്‍, വധശിക്ഷക്ക് വിധിക്കപ്പെട്ട് 25 വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം രണ്ട് വര്‍ഷം മുമ്പ് 2021 ഫെബ്രുവരിയില്‍ മോചിപ്പിക്കപ്പെടുകയായിരുന്നു.
ആദ്യം നാല് കൊലപാതകങ്ങളും പിന്നീട് രണ്ട് കൊലപാതകങ്ങളും മൊത്തം ആറ് കൊലപാതകങ്ങള്‍ക്കാണ് വില്ല്യംസ് ശിക്ഷിക്കപ്പെട്ടത്. കള്ളസാക്ഷികളും കെട്ടിച്ചമച്ച തെളിവുകളുമാണ് വില്ല്യംസിനെയും ഒരു കൂട്ടുകാരനേയും ശിക്ഷിക്കാന്‍ കാരണമായിത്തീര്‍ന്നത് എന്നാണ് പറയുന്നത്. നിരപരാധി എന്ന് കണ്ട് മോചിപ്പിക്കപ്പെട്ട് വെറും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി നടന്ന കൊലപാതകത്തില്‍ വില്ല്യംസിന്റെ വീട്ടുകാരും സുഹൃത്തുക്കളും നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ജയിലില്‍ നിന്നിറങ്ങിയ ശേഷവും ജയിലില്‍ പോയി തനിക്കൊപ്പം അവിടെയുണ്ടായിരുന്നവരെ കാണാറുണ്ടായിരുന്നു വില്ല്യംസ്. അതുപോലെ നിരപരാധികളാരെങ്കിലും ശിക്ഷിക്കപ്പെട്ടു എന്ന് തോന്നിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു.
കാര്‍പെന്ററായിരുന്ന അച്ഛന് തന്നോട് ഒരു ജോലിയില്‍ സഹായിക്കാമോ എന്ന് ചോദിച്ചിരുന്നു. അത് ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായി മാത്രം ചോദിച്ചതാണ്. തന്റെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. സംസാരിക്കുന്ന ആര്‍ക്കും അദ്ദേഹത്തെ മറക്കാനാവില്ല എന്നും വില്ല്യംസിന്റെ ആറ് മക്കളിലൊരാള്‍ പറഞ്ഞു. എന്നാല്‍, എന്തിനാണ്, ആരാണ് വില്ല്യംസിനെ കൊലപ്പെടുത്തിയത് എന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. വില്യംസ് കൊലപ്പെടുത്തി എന്ന് പറയപ്പെടുന്ന വ്യക്തികളുടെ ബന്ധുക്കള്‍ വല്ലതുമാകുമോ എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.