ക്രിസ്തുമസിന് ഒരു ദിനം ബാക്കി ; എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ അച്ഛന്മാരും വിശ്വാസികളും ചേരിതിരിഞ്ഞു കൂട്ടത്തല്ല്

പ്രതീകാത്മക ചിത്രം

സിറോ മലബാര്‍ സഭയിലെ കുര്‍ബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയ്ക്കുള്ളില്‍ ഇരു വിഭാഗങ്ങള്‍ കൂട്ടത്തല്ല്. അള്‍ത്താരയില്‍ കയറിയായിരുന്നു പ്രതിഷേധം. ബലിപീഠം തള്ളി മാറ്റി. വൈദികരെയും കയ്യേറ്റം ചെയ്തു. ആദ്യ സംയമനം പാലിച്ച പൊലീസ്, സംഘര്‍ഷം ലഘൂകരിക്കാന്‍ പള്ളിക്കുള്ളില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴുപ്പിച്ചു. ബസിലിക്ക പൂട്ടില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചു. എന്നാല്‍ പൊലീസ് പക്ഷപാതമായി പെരുമാറിയെന്ന് ഒരു വിഭാഗം ആരോപിച്ചു. ഇന്നലെ പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നിരുന്നു. ഇരു കുര്‍ബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും പള്ളിയില്‍ എത്തിയിരുന്നു.

പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടത്തിയപ്പോള്‍ വിമത വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഗോ ബാക്ക് വിളികളുമായി അണി ചേര്‍ന്നു. ഇതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ ഏറ്റുമുട്ടല്‍. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ബസിലിക്കയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഗോബാക്ക് വിളികളും കൂക്കിവിളിയുമായി ഇരുവിഭാഗവും പ്രതിഷേധിക്കുകയാണ്. കുര്‍ബാന അര്‍പ്പിക്കാനെത്തിയ ആന്‍ഡ്രൂസ് താഴത്തിനെ സമരക്കാര്‍ തടഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയാണ് പ്രതിഷേധക്കാര്‍ ബിഷപ്പിനെ തടഞ്ഞത്.പിന്നാലെ ഏകീകൃത കുര്‍ബാനയെ പിന്തുണച്ച് ബിഷപ്പിനൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ വിഭാഗത്തില്‍ നിന്നുള്ളവര്‍ ആസ്ഥാനത്തേക്ക് കയറി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തു.