മകള്‍ക്കായി യുവതിയെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്തു ; ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

കുട്ടികള്‍ ഇല്ലാത്ത മകള്‍ക്ക് വേണ്ടി യുവതിയെ കൊന്ന് പത്തുമാസം പ്രായമായ കുഞ്ഞിനെ തട്ടി?ക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അപ്പര്‍ ആസാമിലാണ് സംഭവം. കെന്ദുഗുരി ബൈലുങ് സ്വദേശി നിതുമണി ലുഖുറാഖന്‍ എന്ന യുവതിയാണ് ?കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ചരയ്ദിയോ ജില്ലയിലെ രാജാബാരി തേയിലത്തോട്ടത്തിലെ ഓടയില്‍ നിന്ന് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതികളായ പ്രണാലി ഗോഗോയി എന്ന ഹിരാമയി, ഭര്‍ത്താവ് ബസന്ത ഗൊഗോയി, മകന്‍ പ്രശാന്ത ഗൊഗോയി, കൊല്ലപ്പെട്ട യുവതിയുടെ മാതാവ് ബോബി ലുഖുറഖനെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടികളില്ലാത്ത തങ്ങളുടെ മകള്‍ക്ക് കുഞ്ഞിനെ നല്‍കാന്‍ വേണ്ടി ഗൊഗോയ് ദമ്പതികള്‍ നടപ്പാക്കിയ പദ്ധതിയാണ് കൊലപാതകം. ആദ്യം യുവതിയെയും കുഞ്ഞിനെയും തെറ്റിദ്ധരിപ്പിച്ച് ഒരിടത്തെത്തിക്കുകയും അവിടെ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ യുവതി അത് പ്രതിരോധിച്ചതോടെ കൊല്ലുകയായിരുന്നു. സിമലുഗുരിയിലെ ചന്തയില്‍ പോയ യുവതിയെ തിങ്കളാഴ്ച വൈകിട്ടുമുതല്‍ കാണാനില്ലായിരുന്നു. യുവതിയുടെ കുഞ്ഞിനെ ജോര്‍ഹടിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ നിന്ന് പൊലീസ് കണ്ടെത്തി.

കുഞ്ഞിനെ പ്രതികളായ ദമ്പതികളുടെ മകള്‍ താമസിക്കുന്ന ഹിമാചല്‍ പ്രദേശിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതിയാണെന്നാണ് പൊലീസ് കരുതുന്നത്. പ്രണാലി ഗോഗോയിയെ തെങ്കാപുകുരിയില്‍ നിന്നും അവരുടെ ഭര്‍ത്താവ് ബസന്ത ഗൊഗോയിയെ സിമലുഗുരി റെയില്‍വേ ജംഗ്ഷനില്‍ നിന്നും പൊലീസ് പിടികൂടി. ഇവരുടെ മകന്‍ പ്രശാന്ത ഗോഗോയിയെയും മരിച്ച യുവതിയുടെ അമ്മ ബോബി ലുഖുറഖനെയും അടുത്ത ദിവസവും അറസ്റ്റ് ചെയ്തു. ദമ്പതികള്‍ അറസ്റ്റിലായപ്പോഴേക്കും അവരുടെ മകന്‍ കുഞ്ഞിനെയും കൊണ്ട് ട്രെയിനില്‍ യാത്ര തിരിച്ചിരുന്നു. എന്നാല്‍ ഇയാളെ ട്രെയിനില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ മാതാവിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.