മുപ്പതുകോടിക്ക് കണ്ണൂരില്‍ ആയുര്‍വേദ റിസോര്‍ട്ട് ; ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജന്‍
പാര്‍ട്ടിക്കുളിലെ ചേരിതിരിവ് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജന്‍. ഇ.പി ജയരാജന്‍ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചു. കണ്ണൂരില്‍ 30 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന ?ഗുരുതരമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്ന് ആരോപണം.ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജന്‍ പറഞ്ഞു. റിസോര്‍ട്ട് തുടങ്ങുന്ന സമയത്ത് പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം വരുത്തി.
ഗുരുതരമായ ആരോപണത്തില്‍ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജന്‍ ആവശ്യപ്പെട്ടു. അരോപണം ഉയര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി പങ്കെടുത്തിരുന്നില്ല. ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി ഗോവിന്ദന്‍ തള്ളിയില്ല. ആരോപണം എഴുതി നല്‍കാന്‍ പി ജയരാജന് നിര്‍ദ്ദേശം നല്‍കി. പരാതി രേഖാമൂലം കിട്ടിയാല്‍ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തമാക്കി.കേരള ആയുര്‍വേദിക് ആന്റ് കെയര്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പിയുടെ ഭാര്യയും മകനും ഉണ്ട്. താന്‍ ഉന്നയിക്കുന്ന ആരോപണം ഉത്തമ ബോധ്യത്തോടെയാണെന്ന് പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ പറയുകയും ചെയ്തു. എന്നാല്‍ പരാതി രേഖാമൂലം എഴുതി നല്‍കണമെന്ന് എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
ഏറെ നാളായി സിപിഎം അണികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കപ്പെടുന്ന സംഭവമാണിത്. സിപിഎം ശക്തികേന്ദ്രമായ മൊറാഴയില്‍ വെള്ളിക്കീലെന്ന സ്ഥലത്ത് പാലോക്കുന്നിന് മുകളില്‍, കുന്ന് ഇടിച്ച് നിരത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ റിസോര്‍ട്ട് പണി തുടങ്ങിയത്. വലിയ കര്‍ഷക പോരാട്ടം നടന്ന സ്ഥലമാണ്. ഇവിടെയാണ് ആയുര്‍വേദ വില്ലേജ് പദ്ധതി തുടങ്ങിയത്. ആന്തൂര്‍ നഗരസഭയില്‍ നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. ധര്‍മ്മശാലയില്‍ ഇവര്‍ക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഇവിടെ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആയിട്ടില്ല.
മമ്പറം ദിവാകരന്‍ റിസോര്‍ട്ട് ഉദ്ഘാടനത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസിലും വലിയ വിവാദമായിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് പരാതികളില്ലാത്ത വിധത്തില്‍ മുന്നോട്ട് പോവുമ്പോഴാണ് ഇപ്പോള്‍ പി ജയരാജന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ജില്ലാ ബാങ്കില്‍ നിന്ന് വിരമിച്ച ഇപി ജയരാജന്റെ ഭാര്യ ഈ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമാണ്. സിപിഎമ്മിന് പ്രാദേശിക തലത്തില്‍ ഇപി അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നു, പാര്‍ട്ടിക്ക് അനഭിമതരായ ആളുകളുമായി ചങ്ങാത്തം സ്ഥാപിക്കുന്നു തുടങ്ങിയ ആരോപണം ഉയര്‍ന്നിരുന്നു. പ്രതിപക്ഷം ഇത് ഏറ്റുപിടിക്കുന്നതോടെ വലിയ വിവാദങ്ങളുണ്ടാകാന്‍ സാധ്യതയുള്ള വിഷയമാണിത്.
അതേസമയം വാര്‍ത്ത വന്നതിനു പിന്നാലെ ആരോപണം തള്ളി പി.ജയരാജന്‍. വാര്‍ത്ത വലതുപക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി.ജയരാജന്‍ ആരോപിച്ചു. ‘ഇ.പി ജയരാജന്‍ സമ്മുന്നതനായ നേതാവാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് അകത്ത് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപീകരിക്കാനും ഈ പാര്‍ട്ടിയുടെ ആത്മശുദ്ധി നിലനിര്‍ത്ത തക്ക നിലയിലുള്ള പ്രവണതകള്‍ക്ക് വേണ്ടിയുള്ള നല്ല നടപടികള്‍ക്കായുള്ള തെറ്റ് തിരുത്തല്‍ രേഖയാണ് അവതരിപ്പിച്ചത്’- ഇ.പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്ത വ്യാജമാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പി.ജയരാജന്‍ തയ്യാറായില്ല.