സ്റ്റാര്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങുന്ന വൃദ്ധന്‍ പിടിയില്‍ ; ഉള്ളത് 200 കേസുകള്‍

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചു ഭക്ഷണവും കഴിച്ചശേഷം പണം നല്‍കാതെ മുങ്ങുന്ന 63കാരന്‍ പിടിയിലായി. തമിഴ്നാട് സ്വദേശി വിന്‍സെന്റ് ജോണ്‍ (63) എന്നയാളെയാണ് കൊല്ലത്തുനിന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. നക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുകയും അവിടെനിന്ന് ഭക്ഷണം കഴിച്ചിട്ട് കാശ് നല്‍കാതെ മുങ്ങുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഹോട്ടലിലെ താമസിക്കുന്നതിനിടെ അവിടെനിന്ന് മോഷണവും നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് ഇയാള്‍ ഇപ്പോള്‍ കുടുങ്ങിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് മോശഷ്ടാവ് വിന്‍സന്റ് ജോണ്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ വിന്‍സന്റ് ജോണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് എത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നിന്നും മോഷ്ടിച്ച ലാപ്ടോപ് ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തെത്തി, അവിടെനിന്ന് തെങ്കാശി വഴി ചെന്നൈയിലേക്ക് പോകുന്ന ട്രെയിനില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്.

ഇംഗ്ലീഷില്‍ നന്നായി സംസാരിക്കുന്ന വിന്‍സെന്റ് ജോണ്‍ വ്യവസായി ആണെന്ന് പരിചയപ്പെടുത്തി ജീവനക്കാരുമായി സൗഹൃദത്തിലാകും. തുടര്‍ന്ന് മുന്തിയ ഭക്ഷണവും മദ്യം അടക്കമുള്ള സൗകര്യങ്ങളുമായി ഹോട്ടലില്‍ താമസം തുടങ്ങും. ഇതിനിടെ ഹോട്ടലില്‍നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്യും. പുറത്തുപോകുന്നുവെന്ന വ്യാജേന ഹോട്ടലില്‍നിന്ന് മുങ്ങുകയും ചെയ്യും. ഇതിനോടകം 11 കള്ളപ്പേരുകളിലാണ് ഇയാള്‍ ഹോട്ടലുകളില്‍ മുറിയെടുത്തിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 200 ഓളം കേസുകളാണ് വിന്‍സന്റിന്റെ പേരിലുണ്ട്. 2018 ല്‍ കൊല്ലത്തെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലില്‍ മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. മുംബൈയിലാണ് വിന്‍സെന്റ് ജോണിനെതിരെ ഏറ്റവും കൂടുതല്‍ കേസുകളുള്ളതെന്ന് പൊലീസ് പറയുന്നു.