സി പി എമ്മില്‍ പരസ്യമായ തമ്മിലടി ; മുസ്ലിംലീഗില്‍ ഭിന്നാഭിപ്രായം; മിണ്ടാതെ കോണ്‍ഗ്രസ്

സംസ്ഥാനത്തെ ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനുള്ളില്‍ തമ്മിലടി രൂക്ഷമായിട്ടും മിണ്ടാതെ കോണ്‍ഗ്രസ്സ്. സിപിഎമ്മിലെ കണ്ണൂരില്‍ നിന്നുളള പ്രമുഖ നേതാക്കള്‍ തന്നെ ഇരുഭാഗത്ത് നിന്ന് പടനയിക്കുമ്പോള്‍ മറുവശത്ത് വീണുകിട്ടിയ രാഷ്ട്രീയ അവസരം മുതലാക്കാനാകാതെ പ്രതിപക്ഷം ഇരുട്ടില്‍ തപ്പുന്നുവെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. സിപിഎമ്മിനുള്ളിലെ പടലപ്പിണക്കത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് പുറത്തുവന്നതെങ്കില്‍ പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് നിശബ്ദത പാലിക്കുന്നതാണ് അണികളെ അദ്ഭുതപ്പെടുത്തുന്നത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും അങ്ങനെ ചെയ്യാമെന്ന് പി ജയരാജന്‍ മറുപടി നല്‍കിയെന്നുമായിരുന്നു വാര്‍ത്തകള്‍.

ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ അത്തരമൊരു പരാതി ഉന്നയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചില്ല. നാടിന്റെയും പാര്‍ട്ടിയുടെയും താത്പര്യത്തിന് കീഴ് വഴങ്ങി കൊണ്ടുള്ള നിലപാടാകണം നേതാക്കളുടെയെന്നും അതില്‍ വ്യതിചലനം ഉണ്ടായാല്‍ ചൂണ്ടിക്കാട്ടുമെന്നും തിരുത്താന്‍ ആവശ്യപ്പെടുമെന്നും തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പി ജയരാജന്‍ പറഞ്ഞു. ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി ഊതിക്കാച്ചിയ ശുദ്ധമായ സ്വര്‍ണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും ജയരാജന്‍ പറഞ്ഞത്. സിപിഎമ്മിനകത്ത് നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയെ ശക്തമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നാലെ, പി ജയരാജന്റെ കണ്ണൂരിലെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎം കേന്ദ്ര- സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചുവെന്ന വാര്‍ത്തയും പുറത്തുവരുന്നു. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തു ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് അടച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനിടെ, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ പി ജയരാജന്‍ സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് തീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല.

അതിനിടെ വിവാദങ്ങള്‍ക്കിടെ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്നലെ പാനൂരിലെ ലീ?ഗ് നേതാവ് പൊട്ടന്‍കണ്ടി അബ്ദുല്ലയുടെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ വിവാദ കാര്യങ്ങളെക്കുറിച്ചുള്ള ഒരുതരത്തിലുള്ള സംസാരവും ഇന്നലെ നടന്നിട്ടില്ല എന്നാണ് വിവരം. പി ജയരാജന്‍ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇന്നലെ പിണറായിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് ആയിരുന്നു മുഖ്യമന്ത്രിയുമായുളള പി ജയരാജന്റെ കൂടിക്കാഴ്ച.ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇ പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇപി പദവികള്‍ ഒഴിഞ്ഞേക്കുമെന്നാണ് വിവരം.