കരിപ്പൂരില്‍ രേഖകള്‍ ഇല്ലാതെ പിടിയിലായ കൊറിയന്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി ; പീഡനവിവരം പറഞ്ഞത് ഡോക്ടറോട്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മതിയായ രേഖകള്‍ ഇല്ലാതെ പിടിയിലായ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി പിടിയിലാകുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പൊലീസിന് കൈമാറി.

വൈദ്യപരിശോധനക്ക് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴാണ് യുവതി, താന്‍ കരിപ്പൂരില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. നിലവില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.