കടുത്ത തണുപ്പില്‍ മരവിച്ച് അമേരിക്ക ; മരണം 60 ആയി , ജനജീവിതം ദുസ്സഹമായി

അതിശൈത്യത്തില്‍ മരവിച്ച് അമേരിക്ക. ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയില്‍ 60 ലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. ന്യൂയോര്‍ക്കില്‍ സ്ഥിതി അതീവ ഗുരുതരമാണ് എന്നാണ് വിവരങ്ങള്‍. റെയില്‍, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി.അതുപോലെ ലക്ഷക്കണക്കിന് അമേരിക്കന്‍ മലയാളികളുടെ ജീവിതവും നരകതുല്യമായി. ലക്ഷക്കണക്കിന് വീടുകള്‍ ഇപ്പോഴും ഇരുട്ടിലാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗതാഗത കുരുക്കില്‍ അകപ്പെട്ട വാഹനങ്ങള്‍ക്ക് അകത്ത് നിന്നും വീടുകള്‍ക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹവും കണ്ടെടുത്തത്. നിരവധി പേര്‍ ഇപ്പോഴും പലയിടത്തായി കുരുങ്ങി കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ക്രിസ്മസ് തലേന്ന് പുറത്തിറങ്ങിയ അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തെ കാറില്‍ നിന്ന് രക്ഷപ്പെടുത്തിയത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. സംസ്ഥാനത്ത് യുദ്ധ സമാന സാഹചര്യമാണെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. പലയിടങ്ങളും മഞ്ഞുമൂടി കിടക്കുന്നതിനാല്‍ റെയില്‍ റോഡ് വ്യോമ ഗതാഗത സംവിധാനങ്ങള്‍ പഴയ പടിയായിട്ടില്ല. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സര്‍വീസുകളും നിലച്ചു. വൈദ്യുതി തടസ്സം പൂര്‍ണമായി പരിഹരിക്കാനാകാത്തതിനാല്‍ ലക്ഷക്കണക്കിന് വീടുകള്‍ ഇപ്പോഴും ഇരുട്ടിലാണ്. വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് അല്‍പം കുറവുണ്ടാകും എന്നാണ് കാലാവസ്ഥാ അറിയിപ്പ്. മഞ്ഞുരുകുന്നതോടെ മാത്രമേ ദുരന്തം എത്ര പേരുടെ ജീവന്‍ അപഹരിച്ചു എന്ന് വ്യക്തമാകൂ എന്ന് അധികൃതര്‍ പറയുന്നു.