തലച്ചോറ് ഭക്ഷിക്കും അമീബ ; ദക്ഷിണ കൊറിയയില്‍ ആദ്യം മരണം സ്ഥിരീകരിച്ചു

നൈഗ്ലെറിയ ഫൗവ്ലേറി (തലച്ചോറ് ഭക്ഷിക്കും അമീബ) എന്ന അപകടകാരിയായ സൂക്ഷ്മാണുവിന്റെ ആക്രമണം മൂലമുണ്ടാകുള്ള ആദ്യ മരണം സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ. അപൂര്‍വമായി കാണപ്പെടുന്ന ഈ അമീബയുടെ ആക്രമണം മൂലമുണ്ടാകുന്ന അസുഖത്തെ തുടര്‍ന്ന് അന്‍പതുകാരനായ വ്യക്തിയാണ് മരണപ്പെട്ടതെന്ന് കൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തായ്ലാന്‍ഡിലെക്കുള്ള യാത്രയ്ക്കിടെയാണ് അന്‍പതുകാരന് രോഗബാധയുണ്ടാകുന്നതായി സംശയിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് പത്ത് ദിവസത്തിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു. ‘തലച്ചോറ് ഭക്ഷിക്കുന്ന അമീബ’ എന്നാണ് നൈഗ്ലെറിയ ഫൗവ്ലേറി അറിയപ്പെടുന്നത്. ഈ അസുഖം ശരീരത്തെ ബാധിച്ചതിന് പിന്നാലെ തലവേദന, പനി, ഛര്‍ദി, സംസാരിക്കാന്‍ ബുദ്ധിമുട്ട്, കഴുത്തില്‍ മുറുക്കം എന്നിവ അനുഭവപ്പെടും.

ഈ ലക്ഷണങ്ങളെല്ലാം ശ്രദ്ധയില്‍പ്പെട്ട ദക്ഷിണ കൊറിയന്‍ സ്വദേശി വൈദ്യസഹായം തേടുകയും ഉടന്‍ തന്നെ അടിയന്തര ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. കുളം, തടാകം എന്നിവയിലാണ് നൈഗ്ലെറിയ ഫൗവ്ലേറി കാണപ്പെടുന്നത്. മലിനമായ ജലം മൂക്കിലൂടെ കയറിയാല്‍ നൈഗ്ലെറിയ ഫൗവ്ലേറി തലച്ചോറിനെ ബാധിക്കുന്ന അണുബാധയായ പ്രൈമറി അമീബിക്ക് മെനിഞ്ചോഎന്‍സിഫലൈറ്റിസ് എന്ന അസുഖത്തിന് കാരണമാകും. അസുഖത്തിന്റെ ആദ്യ ഘട്ട ലക്ഷണങ്ങളാണ് തലവേദനയും, ഛര്‍ദിയും പനിയും. രണ്ടാം ഘട്ടത്തില്‍ ഹാലുസിനേഷനും, അപസ്മാരവും ഉണ്ടാകും. പിന്നീട് രോഗി കോമയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്.

ദക്ഷിണ കൊറിയയിലെ ആദ്യ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എങ്ങനെയാണ് ആ രോഗം പകരുന്നതെന്നുള്ള വിവരങ്ങള്‍ കെഡിസിഎ കണ്ടെത്തിയിട്ടില്ല. എന്നാല്‍ മലിന ജലത്തില്‍ നീന്തുക, ഇത് മൂക്കിലൂടെ കയറ്റുക എന്നിവയിലൂടെ അസുഖം പകരാമെന്ന് കെഡിസിഎ അറിയിച്ചു. അത്യന്തം അപകടകരമായ അസുഖമാണ് ഇത്. 1962 മുതല്‍ 2021 വരെയുള്ള കണക്കെടുത്താല്‍ അമേരിക്കയില്‍ ഈ രോഗം ബാധിച്ച 154 പേരില്‍ ഇതുവരെ 4 പേര്‍ മാത്രമേ ജീവിതത്തിലേക്ക് മടങ്ങിയെത്തിയുള്ളു. മരിച്ച വ്യക്തി ഡിസംബര്‍ 10ന് കൊറിയയില്‍ എത്തും മുന്‍പ് നാല് മാസത്തോളം തായ്ലന്‍ഡില്‍ താമസിച്ചിരുന്നതായി കൊറിയ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഏജന്‍സി വ്യക്തമാക്കി. കൊറിയയില്‍ എത്തിയ ശേഷമാണ് നൈഗ്ലെറിയ ഫൗവ്ലേറി സ്ഥിരീകരിക്കുന്നത്.