പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ നിയന്ത്രണം ; അഫ്ഗാനില്‍ ആണ്‍കുട്ടികള്‍ ക്ലാസ് ബഹിഷ്‌കരിക്കുന്നു

സ്ത്രീകള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കിക്കൊണ്ടുള്ള അഫ്ഗാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് ബുധനാഴ്ചയാണ് പുറത്തുവന്നത്. കാമ്പസുകളിലെത്തിയ നിരവധി വിദ്യാര്‍ത്ഥിനികള്‍ ഇതിനെ തുടര്‍ന്ന് ക്ലാസില്‍ കയറാനാവാതെ തിരിച്ചു പോയിരുന്നു. ഇതിനെതിരെ അഫ്ഗാനിസ്താനിലടക്കം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങള്‍ തീരുമാനം പിന്‍വലിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടു. യു എന്‍ അടക്കം ഈ വിഷയത്തില്‍ താലിബാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

അതിനിടയിലാണ്, കാമ്പസുകളില്‍നിന്ന് വ്യത്യസ്തമായ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ വന്നത്. പെണ്‍കുട്ടികള്‍ക്ക് ഇരിക്കാനാവാത്ത ക്ലാസ് മുറികളില്‍ തങ്ങളും ഇരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് നിരവധി ആണ്‍കുട്ടികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് ഇറങ്ങി വന്നത്. സ്വന്തം ക്ലാസില്‍ പഠിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടികളെ പഠനം തുടരാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ ക്ലാസ് മുറികളില്‍ ഇരിക്കുന്നത് അനീതിയാണെന്ന് പഠനം ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ ടോളോ ന്യൂസിനോട് പറഞ്ഞു. ‘ഞങ്ങളുടെ സഹോദരിമാര്‍ക്ക് നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം ഞങ്ങള്‍ക്കും വേണ്ട. പെണ്‍കുട്ടികള്‍ ക്ലാസില്‍ എത്തുന്നതു വരെ ഞങ്ങളും ക്ലാസില്‍ ഇരിക്കുന്നില്ല.” കാബൂള്‍ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി പറയുന്നു.

അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്ക് കോളജ് വിദ്യാഭ്യാസം വിലക്കിയ താലിബാന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ്, പേരു വെളിപ്പെടുത്താത്ത ഈ വിദ്യാര്‍ത്ഥി അടക്കം നിരവധി ആണ്‍ കുട്ടികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചത്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് സ്ത്രീകളെ ഉന്നതവിദ്യാഭ്യാസത്തില്‍നിന്നും മാറ്റിനിര്‍ത്തുന്നതിനെതിരെ അഫ്ഗാന്‍ കാമ്പസുകളില്‍ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുയരുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ക്ലാസുകള്‍ അടച്ചിടുന്ന കാലത്തോളം സമരം തുടരുമെന്ന് കാബൂള്‍ സര്‍വകാലാശാലയിലെ നദ്വത്തുല്ല എന്ന വിദ്യാര്‍ത്ഥി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനിടെ, കാബൂള്‍ സര്‍വകലാശാലയിലടക്കമുള്ള നിരവധി അധ്യാപകരും തീരുമാനം പിന്‍വലിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ തീരുമാനത്തില്‍നിന്നും പിന്നോട്ടില്ലെന്നാണ് താലിബാന്‍ ഭരണകൂടം ആവര്‍ത്തിക്കുന്നത്.