നരേന്ദ്ര മോദിയ്ക്ക് കൃഷ്ണരൂപം സമ്മാനിച്ചു പിണറായി വിജയന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. അതേസമയം ബഫര്‍ സോണ്‍ ചര്‍ച്ചയായില്ല. കൊവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കൊവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും ചര്‍ച്ച വേദിയായി.

കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ജല്‍ ജീവന്‍ മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഇരുവരും പരസ്പരം നവവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആശംസ അറിയിച്ചു. സംസ്ഥാനത്തിന്റെ മറ്റ് വികസന വിഷയങ്ങളും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറി വി പി ജോയിയും പങ്കെടുത്തു. കഥകളിയിലെ കൃഷ്ണ വേഷം പ്രധാനമന്ത്രിക്ക് ഉപഹാരമായി നല്‍കി. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്. ബുധനാഴ്ചയാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുന്നത്.