രണ്ടാം ദിവസവും മഴ ശക്തം ; യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട്

തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ദുബായ് എന്നിടങ്ങളിലെല്ലാം കനത്ത മഴയില്‍ വെള്ളെക്കെട്ടുണ്ടായി. ഷാര്‍ജയില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക ദൗത്യ സേന രംഗത്ത് ഇറങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഷാര്‍ജ സുപ്രീം എമര്‍ജന്‍സി കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സൈദ് അല്‍ തനാജി അറിയിച്ചു. റോഡിലെ വെള്ളം പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സംഘം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഷാര്‍ജയില്‍ എല്ലാ പാര്‍ക്കുകളും അടച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്കും നിയന്ത്രണം ഉണ്ട്.

ദുബായില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. തലസ്ഥാനമായ അബുദാബിയിലും മഴ തുടരുന്നുണ്ട്. ബുധനാഴ്ചയും മഴ തുടരും എന്നാണ് പ്രവചനം. അതേസമയം ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. തിങ്കളാഴ്ച ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. കാലാവസ്ഥാ വകുപ്പ് നേരത്തെ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദോഹ, അല്‍ വക്റ, ലുസൈല്‍, ഉംസഈദ് എന്നിവിടങ്ങളിലെല്ലാം നല്ല മഴ പെയ്തു. വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് രാവിലെ മുതല്‍ മഴ പെയ്യുന്നത്. ചിലയിടങ്ങളില്‍ ഇടിയോടു കൂടി മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശി.

മഴയ്ക്ക് പിന്നാലെ രാജ്യത്ത് തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നു മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ താപനിലയില്‍ കുറവുണ്ടാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സൗദി അറേബ്യയുടെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രദേശങ്ങളിലും തബൂക്കിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീര്‍, ജിസാന്‍ പ്രവിശ്യകളില്‍ ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്.