കാമുകിയെ കളിയാക്കി ; തൃശ്ശൂരില്‍ യുവഎഞ്ചിനീയറെ സുഹൃത്ത് അടിച്ചു കൊന്നു
കാമുകിയെയും പ്രണയത്തിനെയും പരിഹസിച്ചതിന് തൃശ്ശൂരില്‍ യുവഎഞ്ചിനീയറെ അടിച്ചു കൊന്ന പ്രതി പിടിയില്‍. തൃശൂര്‍ പുറ്റേക്കരയില്‍ യുവ എഞ്ചിനിയറായ അരുണ്‍ലാല്‍ കൊല്ലപ്പെട്ട കേസില്‍ ആണ് പ്രതി പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെ പേരാമംഗലം പോലീസ് അറസ്റ്റുചെയ്തത്. ടിനുവിന്റെ പ്രണയബന്ധത്തെക്കുറിച്ച് അരുണ്‍ കളിയാക്കിയ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതി പിടിയിലായപ്പോള്‍ ആണ് കൊലപാതക കാരണം ഏവരും അറിഞ്ഞത്.
അരുണ്‍ ലാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലഭിച്ച സിസി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളുമാണ് പ്രതിയിലേക്ക് പേരാമംഗലം പൊലീസിനെ എത്തിച്ചത്.
ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള ടിനു നഗരത്തിലെ ബാറില്‍ വച്ചാണ് അരുണ്‍ ലാലുമായി പരിചയത്തിലായത്. ഒരിക്കല്‍ തനിക്കൊരു യുവതിയുമായി പ്രണയമുണ്ടെന്ന് ടിനു അരുണിനോട് വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം പറഞ്ഞ് അരുണ്‍ ടിനുവിനെ കളിയാക്കി. അതിനിടെ യുവതി ടിനുവുമായി അകന്നു. ഇത് അരുണ്‍ കാരണമെന്നാണ് പ്രതി കരുതിയിരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ അരുണിനെ ടിനു കണ്ടു. ബൈക്കില്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് കയറ്റിക്കൊണ്ടുപോയി.
പുറ്റേക്കരയിലെ ഇടവഴിയില്‍ ബെക്ക് നിര്‍ത്തി അരുണ്‍ ലാലിനെ ഇറക്കി മര്‍ദ്ദനം തുടങ്ങി. നിലത്തുവീണ അരുണിനെ തലയിലും മുഖത്തും ചവിട്ടി. മര്‍ദ്ദനത്തിനിടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്. നഗരത്തിലെ ബാറില്‍ നിന്നും മദ്യപിക്കുന്ന അരുണ്‍ ലാലിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബൈക്കില്‍ പോകുന്ന ഇതുവരുടെയും ദൃശ്യങ്ങളും കിട്ടി. ടര്‍ഫില്‍ പന്തുകളി കഴിഞ്ഞ് വന്ന യുവാക്കള്‍ ഇരുവരും സംസാരിച്ചു നില്‍ക്കുന്നത് കണ്ടതും നിര്‍ണ്ണായകമായി.