സര്‍ക്കാരിന് തിരിച്ചടി ; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും സിബിഐ ക്ലീന്‍ചിറ്റ്

സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ക്ലിഫ് ഹൌസില്‍വെച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരി ആരോപിച്ചത്. എന്നാല്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരി പരാമര്‍ശിക്കുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് വ്യക്തമായി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ സോളാര്‍ പീഡനക്കേസില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്.

സോളാര്‍ പീഡനക്കേസില്‍ എ.പി.അബ്ദുല്ലക്കുട്ടിക്കും ഉമ്മന്‍ചാണ്ടിക്കും ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച മുഴുവന്‍ കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി. നേരത്തെ കേസിലുള്‍പ്പെട്ട കെ. സി. വേണുഗോപാലിനും എ. പി. അനില്‍കുമാറിനും ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ക്‌ളീന്‍ ചിറ്റ് നല്‍കിയത് പിണറായി സര്‍ക്കാരിനു ഏറ്റ തിരിച്ചടിയാണ്. ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. പോലീസ് അന്വേഷിച്ചു ഒന്നും കണ്ടെത്താത്ത കേസാണ് സിബിഐക്ക് വിട്ടത്. വൈര്യനിര്യാതന ബുദ്ധിയോടെയാണ് സോളാര്‍ കേസ് സി ബി ഐ യ്ക്ക് വിട്ടതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

സി പി എം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്റെ അവസാന കേസ് ആകണം ഇത്. പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സി ഇബിക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ഇത് വിടാത്തത് എന്നും വി ഡി സതീശന്‍ ചോദിച്ചു. അതേസമയം കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കില്ലെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നുമുള്ള നിലപാട് മാറ്റി പരാതിക്കാരി. രാവിലെ നിയമ നടപടിക്കില്ലെന്ന് പറഞ്ഞ പരാതിക്കാരി ഉച്ചയ്ക്ക് ശേഷം, ഉമ്മന്‍ ചാണ്ടിക്ക് സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട 6 കേസിലും ഹര്‍ജി നല്‍കുമെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം എന്നും പരാതിക്കാരി വ്യക്തമാക്കി. അബ്ദുള്ളകുട്ടിയെ വെള്ള പൂശാന്‍ ആണ് ബാക്കി ഉള്ളവര്‍ക്കും സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും പരാതിക്കാരി അഭിപ്രായപ്പെട്ടു.