വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നഗ്‌നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ സിപിഎം നേതാവിനെ സംരക്ഷിച്ചു നേതൃത്വം
വനിതാ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ സംരക്ഷിച്ചു നേതൃത്വം. സംഭവം പുറത്തറിഞ്ഞു ഇത്രയും ദിവസങ്ങള്‍ ആയിട്ടും നടപടി എടുക്കുന്നതിന്റെ മെല്ലെപ്പോക്കാണ് വിഷയത്തില്‍. സിപിഎം ആലപ്പുഴ സൗത്ത് ഏരിയയിലെ കമ്മിറ്റി അംഗങ്ങളാണ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് വേഗത്തില്‍ വാങ്ങി നടപടിയെടുക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
പാര്‍ട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയ സംഭവം ചര്‍ച്ച ചെയ്യാന്‍ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പങ്കെടുത്ത അടിയന്തര യോഗം ഇന്നലെ വൈകിട്ടാണ് ചേര്‍ന്നത്. പാര്‍ട്ടിക്കാരായ സ്ത്രീകളുടെ ഉള്‍പ്പെടെയുള്ള നഗ്‌ന ദൃശ്യങ്ങളാണ് പ്രവര്‍ത്തകര്‍ തന്നെ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണില്‍നിന്നു കണ്ടെത്തിയത്. സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ നേരത്തെയും ഉയര്‍ന്നിട്ടുണ്ടെങ്കിലും നേതൃത്വത്തില്‍ ചിലര്‍ സംരക്ഷിക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നു. ജില്ലാ നേതൃത്വത്തിനു പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ സ്ത്രീകളില്‍ ഒരാള്‍ രണ്ടാഴ്ച മുന്‍പ് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു.