പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികന് ഏഴു വര്‍ഷം കഠിനതടവും 50000 രൂപ പിഴയും

തൃശൂര്‍ : ആമ്പല്ലൂര്‍ സ്വദേശി ഫാ. രാജു കൊക്കനെയാണ് തൃശൂര്‍ അതിവേഗ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ തുക അതിജീവിതക്ക് നല്‍കണമെന്നും വിധി പ്രഖ്യാപിച്ചു കൊണ്ട് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ഉത്തരവിട്ടു. 2014 തൃശൂരിലെ ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരിയായിരിക്കുമ്പോള്‍ സാമ്പത്തികമായി പിന്നോക്ക കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയെ ആദ്യ കുര്‍ബാനക്ക് വസ്ത്രം വാഗ്ദാനം ചെയ്തായിരുന്നു രാജു കൊക്കന്‍ പീഡിപ്പിച്ചത്. 2014 ഏപ്രിലില്‍ 8, 11, 24 തീയതികളിലായിരുന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയെ നഗ്‌നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചിത്രം മൊബൈലില്‍ പകര്‍ത്തിയെന്നതുമാണ് വൈദികനെതിരെ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍. പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വനിതാ സെല്ലിലറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. കേസായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ രാജുകോക്കനെ നാഗര്‍കോവിലിലില്‍ നിന്നാണ് ഷാഡോപൊലീസ് പിടികൂടിയത്. ആദ്യകുര്‍ബാന ക്ലാസിലെ കുട്ടികളും, അധ്യാപകരും, പുരോഹിതരും അടക്കമുള്ള സാക്ഷികളുടെ മൊഴിയും മൊബൈല്‍ ഫോണ്‍ വഴി എടുത്ത ഫോട്ടോകളും കേസില്‍ നിര്‍ണായകമായ തെളിവുകളായി പരിഗണിച്ചു കൊണ്ടാണ് കോടതി കേസില്‍ വിധി പറഞ്ഞത്. സമൂഹത്തില്‍ ആദരവര്‍ഹിക്കുന്ന തികച്ചും മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ട ഒരു ആരാധനാലയത്തിലെ പുരോഹിതനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണെന്ന് വിലയിരുത്തിയ കോടതി പ്രതി അക്കാരണത്താല്‍ തന്നെ പരിഗണന അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.