ജിയോ ട്രൂ 5ജി തിരുവനന്തപുരത്ത്

ജിയോ ട്രൂ 5G സേവനങ്ങള്‍ തിരുവനന്തപുരത്തും. കോര്‍പറേഷന്‍ പരിധിയിലും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് തുടക്കത്തില്‍ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ജിയോ 5ജി ഇന്ന് മുതലാണ് തിരുവനന്തപുരത്ത് ലഭ്യമായിത്തുടങ്ങിയത്. തമ്പാനൂര്‍, വിമാനത്താവളം, ടെക്‌നോപാര്‍ക്ക് ഉള്‍പ്പടെയുള്ള 120 സ്ഥലങ്ങളിലാണ് ജിയോ ട്രൂ 5ജി ലഭ്യമാകുന്നത്. 5ജി ഹാന്‍ഡ്‌സെറ്റുള്ള ഉപഭോക്താക്കള്‍ക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റയില്‍ 5ജി സേവനം സ്വീകരിക്കാന്‍ കഴിയും.

4G നെറ്റ്വര്‍ക്കിനെ ആശ്രയിക്കാത്ത, സ്റ്റാന്‍ഡലോണ്‍ 5G നെറ്റ്വര്‍ക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. സ്റ്റാന്‍ഡലോണ്‍ 5G ഉപയോഗിച്ച്, കുറഞ്ഞ ലേറ്റന്‍സി കണക്റ്റിവിറ്റി, വലിയ മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, 5G വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്വര്‍ക്ക് സ്ലൈസിംഗ് എന്നിവയുള്ള പുതിയതും ശക്തവുമായ സേവനങ്ങള്‍ ജിയോയ്ക്ക് നല്‍കാന്‍ കഴിയും. കേരളത്തിലെ ജിയോ ട്രൂ 5ജി ഡിസംബര്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ 5ജി നെറ്റ്വര്‍ക്ക് ഒരുക്കുന്നതിനായി ഇതിനോടകം 6000 കോടിരൂപയാണ് ജിയോ നിക്ഷേപിച്ചിരിക്കുന്നത്.