കൊച്ചിന്‍ കാര്‍ണിവലില്‍ കത്തിക്കാന്‍ ഒരുക്കിയ പാപ്പാഞ്ഞിക്ക് നരേന്ദ്ര മോദിയുയുടെ മുഖം ; പരാതിയുമായി ബിജെപി
പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ ഒരുങ്ങുന്ന ഭീമന്‍ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം. പാപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുമായി രൂപസാദൃശ്യമുണ്ടെന്ന പരാതിയുമായി ബിജെപി രംഗത്ത് വന്നു. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവുമുണ്ടെന്നും ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണെന്നും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു പറഞ്ഞു. പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ തെറ്റിദ്ധാരണ വേണ്ടെന്നും ആര്‍ക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാര്‍ണിവല്‍ കമ്മിറ്റി വ്യക്തമാക്കി.
അറുപത് അടി നീളമുള്ള ഭീമന്‍ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം ഫോര്‍ട്ട് കൊച്ചി ഗ്രൗണ്ടില്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖച്ചായയുണ്ടെന്ന് ആരോപിച്ച പ്രവര്‍ത്തകര്‍ നിര്‍മ്മാണം തടഞ്ഞു. ഈ രൂപത്തില്‍ പാപ്പാഞ്ഞിയെ പുതുവത്സരാഘോഷത്തിന് കത്തിക്കാനാവില്ലെന്നും പ്രവര്‍ത്തകര്‍ നിലപാടെടുത്തു. പൊലീസ് എത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ആര്‍ക്കും പരാതിയില്ലാത്ത രൂപത്തില്‍ പാപ്പാഞ്ഞി ഒരുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയത്.
കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിക്ക് വേണ്ടി സ്വകാര്യ ഏജന്‍സിയാണ് ഇത്തവണ പാപ്പാഞ്ഞിയെ ഒരുക്കുന്നത്. നിര്‍മ്മാണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. കൊവിഡ് മഹാമാരിയെ കീഴടക്കിയ പാപ്പാഞ്ഞിയെയാണ് ഇത്തവണ ഒരുക്കുന്നത്. പപ്പാഞ്ഞിയുടെ മുഖത്തിനും വസ്ത്രത്തിനും പ്രധാനമന്ത്രിയുമായി സാമ്യമുണ്ട്. ഇത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിനായി മനപ്പൂര്‍വ്വം ചെയ്തതാണ്. കൊച്ചിന്‍ കാര്‍ണിവലിനെ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ആരോപിച്ചു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സ്ഥലത്ത് ഒത്തുചേരുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി പുലര്‍ച്ചെ 12 മണിക്ക് പാപ്പാഞ്ഞിയുടെ രൂപം കത്തിക്കുകയാണ് ചെയ്യുന്നത്.