പഠാന്‍ സിനിമയില്‍ കൈ വെച്ച് സെന്‍സര്‍ ബോര്‍ഡും ; ഗാനത്തിലും രംഗങ്ങളിലും ചില മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശം
ഒരു ഗാനം കാരണം വിവാദങ്ങളില്‍ അകപ്പെട്ട ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി)യാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ ചില ഭാഗങ്ങളില്‍ ഗാനങ്ങളില്‍ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്‌സി ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചുവെന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട് പറയുന്നത്.
സിനിമ അടുത്തിടെയാണ് സര്‍ട്ടിഫിക്കേഷനായി സിബിഎഫ്സി കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്. ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൃത്യവും സമഗ്രവുമായ പരിശോധനകള്‍ക്ക് ശേഷമാണ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് ചിത്രത്തിലെ ബെഷ്‌റം രംഗ് എന്ന ആദ്യഗാനം റിലീസ് ചെയ്തതോടെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുക ആയിരുന്നു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രം ഉണ്ടാക്കുന്ന ഹൈപ്പില്‍ പ്രീ റിലീസ് ബിസിനസ് നന്നായി നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പഠാന്റെ ഒടിടി അവകാശങ്ങള്‍ ഇതിനകം തന്നെ കോടികള്‍ക്ക് വിറ്റുപോയതായാണ് റിപ്പോര്‍ട്ട്. നേരത്തെ പത്താന്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സിനിമയിലെ ഒരു ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ആവശ്യം ഉയര്‍ന്നത്. ഗാനത്തില്‍ കാവി നിറമുള്ള ബിക്കിനി ദീപിക ധരിച്ചതാണ് വിവാദമായത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനമാണ് വിവാദത്തിന് കാരണമായത്.
ദീപിക കാവി ബിക്കിനിയിലും സെക്‌സി നൃത്തച്ചുവടുകളിലും പ്രത്യക്ഷപ്പെട്ടതിന് പലരും ഈ ഗാനത്തെ വിമര്‍ശിച്ചു. ഗാനത്തിലെ ഷാരൂഖിന്റെ പച്ച ഷര്‍ട്ടും പലരെയും ചൊടിപ്പിച്ചു. കാവി ബിക്കിനിയുടെ പേരില്‍ ഗാനം വിമര്‍ശിക്കപ്പെട്ടപ്പോള്‍, ദീപിക പാട്ടില്‍ മറ്റ് നാല് വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. കാവി ബിക്കിനി സ്‌ക്രീനില്‍ വെറും 20 സെക്കന്‍ഡ് മാത്രമായിരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, സംസ്ഥാന നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം തുടങ്ങിയ രാഷ്ട്രീയക്കാരും ഗാനത്തെ എതിര്‍ക്കുകയും അപകീര്‍ത്തികരമായ രംഗങ്ങള്‍ റീഷൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.