കളിത്തോക്ക് കാട്ടി കൊള്ളയടിക്കുന്ന വ്യാജ ഭീകരര്‍ കാശ്മീരില്‍ പിടിയില്‍
വന്നു വന്നു ഭീകരന്മാരിലും വ്യാജ്യന്‍. ഭീകരര്‍ക്ക് ഏറെ ഇഷ്ടമുള്ള ഇടമായ കാശ്മീരില്‍ ആണ് വ്യാജ ഭീകരരും ഇറങ്ങിയത്. കണ്ടാല്‍ ഭീകരരെന്ന് തോന്നും. മുഖം പാതി മറച്ചിരിക്കും. കൈകളില്‍ പല തരത്തിലുള്ള തോക്കുകള്‍. വാക്കിടോക്കികള്‍ എന്നിവയും കാണും. വന്ന ഉടനെ തോക്കുകള്‍ ചൂണ്ടി ഭീഷണിപ്പെടുത്തും. അതിനു ശേഷം, കിട്ടുന്നതെല്ലാം കവര്‍ന്നെടുത്ത് സ്ഥലം വിടും. പുതിയ തരം കൊള്ളക്കാര്‍ ഇറങ്ങിയിട്ടുണ്ടെന്ന പരാതികള്‍ തുടര്‍ച്ചയായി വന്നതിനെ തുടര്‍ന്നാണ്, കശ്മീര്‍ പൊലീസ് ഈ സംഘത്തിനായി വല വിരിച്ചത്. ദിവസങ്ങള്‍ നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍, അവര്‍ ഈ സംഘത്തെ പിടികൂടുക തന്നെ ചെയ്തു. പിടിച്ചു കഴിഞ്ഞപ്പോഴാണ്, അവരുടെ കൈയിലുള്ള ആയുധങ്ങള്‍ കണ്ട് പൊലീസ് ഞെട്ടിയത്.
കളിത്തോക്കുകള്‍! അതെ, കണ്ടാല്‍, ഒറിജിനല്‍ തോക്കാണ് എന്നു തോന്നുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങളായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. കൈയിലുള്ള വാക്കി ടോക്കികളും വ്യാജമായിരുന്നു. ഈ കളിത്തോക്കുകളുമായാണ്, ഇവര്‍ ആളുകളെ പേടിപ്പിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തിരുന്നത് എന്നറിഞ്ഞപ്പോള്‍ പൊലീസും അമ്പരന്നു. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് കളിത്തോക്കുകളുമായി നടക്കുന്ന അഞ്ചംഗ കവര്‍ച്ചാ സംഘത്തെ പൊലീസ് പിടികൂടിയത്. ഭീകരരാണെന്ന വ്യാജേനയാണ് ഇവര്‍ വീടുകളിലും കടകളിലും എത്താറുള്ളതെന്ന് ശ്രീനഗര്‍ പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സൈന്യവും പൊലീസും സദാ റോന്തു ചുറ്റുന്ന തെരുവുകളിലൂടെ, പകല്‍ സമയങ്ങളില്‍ വാഹനങ്ങളില്‍ എത്തുന്ന സംഘം, വീടുകളിലേക്ക് നേരെ ചെന്നു കയറി കവര്‍ച്ച നടത്തി മടങ്ങുകയാണ് പതിവ്. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയും ഇവര്‍ എത്തിയിരുന്നതായി പൊലീസ് പറയുന്നു. ഭീകരരാണെന്ന് കരുതി പലരും പരാതികളില്ലാതെ ഇവര്‍ ആവശ്യപ്പെടുന്ന പണം നല്‍കാറാണ് പതിവെന്നും പൊലീസ് പറയുന്നു.
കാ്രസൂ, മതിബഗ്, താരിഗാം മേഖലകളിലാണ് ഇവര്‍ നിരന്തരം കവര്‍ച്ച നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഈ പ്രദേശത്തുനിന്നും പരാതികള്‍ വ്യാപകമായപ്പോഴാണ്, യാരിപോര പൊലീസ് സ്റ്റേഷന് കേന്ദ്രമായി പ്രത്യേക അന്വേഷണ സംഘം രൂപവല്‍ക്കരിച്ചത്. ഇവര്‍ നിരവധി സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി. ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചു. അതിനിടയിലാണ്, സംഘത്തിലെ രണ്ടു പേര് കഴിഞ്ഞ ദിവസം പിടിയിലായത്. തൊട്ടു പിന്നാലെ സംഘത്തിലെ മറ്റു മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇവരുടെ കൈയില്‍നിന്നും നിരവധി കളിത്തോക്കുകള്‍, വ്യാജ വാക്കിടോക്കികള്‍, വാഹനങ്ങള്‍ എന്നിവ പിടികൂടി. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് കരുതുന്നതെന്ന് ശ്രീനഗര്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കു വേണ്ടി അന്വേഷണം നടക്കുന്നതായും പൊലീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.