മോക്ഡ്രില്ലിന്റെ ഭാഗമായി മണിമലയാറ്റില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം
തിരുവല്ലയില്‍ മോക്ഡ്രില്ലിന്റെ ഭാഗമായി ആറ്റില്‍ ചാടിയ യുവാവ് മരിച്ചു. പടുതോട് സ്വദേശി ബിനു സോമനാണ് മരിച്ചത്. പുഷ്പഗിരി മെഡി.കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ബിനു അപകടത്തില്‍പ്പെടുന്നത്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ കീഴില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ മോക്ഡ്രില്ലിനിടെയായിരുന്നു അപകടം. പ്രദേശവാസികളായ നാല് യുവാക്കളോട് മണിമലയാറ്റില്‍ ചാടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനു അടക്കം നീന്തലറിയാവുന്ന നാല് യുവാക്കള്‍ വെള്ളത്തിലിറങ്ങിയത്. എന്നാല്‍ മറുവശത്തേക്ക് നീന്തുന്നതിനിടെ ബിനു വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു.
ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഡിങ്കി ബോട്ടുകളില്‍ എഞ്ചിന്‍ ഘടിപ്പിച്ച് ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും ഇരുപത് മിനിറ്റോളമെടുത്തു. 45 മിനിറ്റോളം ബിനു വെള്ളത്തില്‍ മുങ്ങിക്കിടന്നതിന് ശേഷമാണ് പുറത്തെടുക്കാനായത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി എട്ടു മണിയോടെയാണ് അന്ത്യം. സംസ്ഥാന വ്യാപകമായി ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക് ഡ്രില്ലിനിടയിലായിരുന്നു ബിനു അപകടത്തില്‍പ്പെട്ടത്.