നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെന്‍ മോദി അന്തരിച്ചു. 99 വയസായിരുന്നു. അഹമ്മദാബാദിലെ യു എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം. രണ്ടു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്‌സാനയിലെ വഡ്‌നഗര്‍ ആണ് സ്വദേശം. ചായ വില്‍പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ ചെറുപ്പത്തില്‍തന്നെ വിവാഹം കഴിച്ചു. ആറു മക്കളില്‍ മൂന്നാമാനാണ് മോദി.

നരേന്ദ്ര മോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, മകള്‍ വാസന്തിബെന്‍ ഹസ്മുഖ്‌ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്‌സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്. ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ അമ്മ നൂറാം വയസ്സിലേക്കു പ്രവേശിച്ചപ്പോള്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദര്‍ശിച്ചിരുന്നു. മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. അതേസമയം, മുന്‍നിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ക്ക് മാറ്റമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.