പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി
പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാര്‍ ആണ് ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്കിയ ഹര്‍ജി തള്ളി കൊണ്ടാണ് കുടുംബ കോടതിയുടെ ഉത്തരവ്. അച്ഛന് വിവാഹ ചെലവിന് പണം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് ഈ ആവശ്യം ഉന്നയിക്കാനുള്ള ഒരു അര്‍ഹതയുമില്ലെന്നാണ് കുടുംബ കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. അച്ഛനില്‍ നിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും കോടതി ചെലവ് ഇനത്തില്‍ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കോടതിയെ സമീപിച്ചത്.
വിവാഹത്തിന് ചെലവായ പണം അച്ഛന് നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. 2010 മുതല്‍ അച്ഛന് തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കാതെ ക്രൂരമായാണ് പെരുമാറുന്നതെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മകള്‍ ഹര്‍ജിയില്‍ ആരോപിച്ച കാര്യങ്ങള്‍ തെറ്റാണെന്ന് ശെല്‍വദാസ് കുടുംബ കോടതിയില്‍ പറഞ്ഞു. നിവേദിതയെ ബി ഡി എസ് വരെ പഠിപ്പിച്ചു എന്നും 2013 ഡിസംബര്‍ വരെ താനാണ് മകള്‍ക്ക് ചെലവിന് നല്‍കിയതെന്നും ശെല്‍വ ദാസ് വിചാരണവേളയില്‍ കുടുംബ കോടതിയെ അറിയിച്ചു. താന്‍ അറിയാതെയാണ് മകള്‍ വിവാഹം കഴിച്ചത്. അതിനാല്‍ വിവഹച്ചെലവ് നല്കാന് സാധിക്കില്ലെന്നും മകള്‍ക്ക് അതിന് അര്‍ഹതയില്ലെന്നും ശെല്‍വദാസ് കോടതിയില്‍ വാദിച്ചു. ശെല് വദാസിന്റെ വാദം പരിഗണിച്ച കുടുംബ കോടതി, തെളിവുകള്‍ പരിശോധിച്ച ശേഷം നിവേദിതയുടെ ഹര്‍ജി തള്ളുകയായിരുന്നു.