സജി ചെറിയാന് വീണ്ടും മന്ത്രിയാവും ; സത്യപ്രതിജ്ഞ ബുധനാഴ്ച
സജി ചെറിയാന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന് (ബുധനാഴ്ച്) നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു.
ജൂലൈ മൂന്നിനാണ് ഭരണഘടനയെ വിമര്‍ശിച്ച് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീന്‍ ചിറ്റ് ലഭിച്ചു. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത് കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനില്‍ക്കില്ലെന്നും നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നല്‍കിയ അപേക്ഷയില്‍ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ തിരിച്ച് വരവ്.
അതേസമയം സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. സജി ചെറിയാനെ മന്ത്രിയാക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ എങ്ങനെയാണ് തെളിവ് കിട്ടുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോടതിയുടെ അഭിപ്രായം വരും മുമ്പേ സജി ചെറിയാന്റെ കാര്യത്തില്‍ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. ഭരണ ഘടനയെ അവഹേളിക്കുകയാണ് സജി ചെറിയാന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് സജി ചെറിയാന്‍ രാജിവെച്ചത്. കേസില്‍ പോലീസ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് വഴി തുറന്നത്. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യ പ്രതിജ്ഞ നടത്താനാണ് ധാരണ.