ഋഷഭിന് പ്രാര്‍ത്ഥനകളുമായി സഞ്ജു സാംസണ്‍
കാറപകടത്തല്‍ പരുക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിന് പ്രാര്‍ത്ഥനകളുമായി സഞ്ജു സാംസണ്‍. ഋഷഭ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ‘എല്ലാം വേഗത്തില്‍ സുഖമാകും, സഹോദരാ’ എന്ന് സഞ്ജു സ്റ്റോറിയില്‍ കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇതോടൊപ്പം ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഐ.പി.എല്ലിനിടെ രാജസ്ഥാന്‍-ഡെല്‍ഹി ക്യാപിറ്റല്‍സ് ജേഴ്സിയില്‍ ഇരുവരും സൗഹൃദം പങ്കിടുന്ന ചിത്രമാണ് പങ്കുവച്ചത്. അതേസമയം, പന്തിന്റെ ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്നലെ, പ്ലാസ്റ്റിക് സര്‍ജറി അടക്കമുള്ള ചികിത്സകള്‍ നടന്നിരുന്നു. മുതുകില്‍ പൊള്ളലേറ്റ ഭാഗത്തായിരുന്നു പ്ലാസ്റ്റിക് സര്‍ജറി. ഇന്നും എം.ആര്‍.ഐ സ്‌കാനിങ്ങിന് താരം വിധേയനാകും.
കഴിഞ്ഞ ദിവസമാണ് ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതായി പന്ത് പൊലീസിനോട് വ്യക്തമാക്കി. കടുത്ത മൂടല്‍ മഞ്ഞ് ഉണ്ടായിരുന്ന സമയം കൂടിയായിരുന്നത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് താരത്തെ രക്ഷപ്പെടുത്തിയതെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. തലയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു. പുറത്ത് പൊള്ളലേറ്റ നിലയിലാണുള്ളത്.