വിജയുടെ വാരിസ് കാണാന്‍ അച്ഛന്‍ കടം വാങ്ങിയ 300 രൂപ തിരികെ വേണം ; ആവശ്യവുമായി ഒന്‍പതാം ക്ലാസുകാരന്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍

തമിഴ് നാട്ടില്‍ ഉള്ളത് പോലെ കേരളത്തിലും ഏറെ ആരാധകര്‍ ഉള്ള താരമാണ് വിജയ്. കേരളത്തില്‍ വിജയ് സിനിമകളുടെ റിലീസ് ആഘോഷമായി മാറിയിട്ട് ഏറെനാളായി. എത്ര മോശം സിനിമ ആണ് എങ്കിലും മിനിമം കളക്ഷന്‍ കേരളത്തില്‍ വിജയ്ക്ക് ഉറപ്പാണ്. താരത്തിന്റെ സിനിമയുടെ ആദ്യ ദിവസത്തെ ആദ്യ ഷോ കാണാന്‍ ആരാധകര്‍ മാത്രമല്ല സാധാ പ്രേക്ഷകരും ഇടിച്ചു കയറാറുണ്ട്. അത്തരത്തില്‍ വിജയ് അഭിനയിച്ച പുതിയ സിനിമയായ വാരിസ് കാണാന്‍ അച്ഛന്‍ കടം വാങ്ങിയ 300 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഒമ്പതാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലാണ് ഒമ്പതാം ക്ലാസുകാരന്‍ പരാതിയുമായി എത്തിയത്. മുത്തശ്ശി തനിക്ക് നല്‍കിയ പണം അച്ഛന്‍ കടമായി വാങ്ങുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്.

പൊലീസ് സ്റ്റേഷനിലെ ഫ്രണ്ട് ഓഫീസിലെത്തിയാണ് കുട്ടി പരാതി പറഞ്ഞത്. ‘അച്ഛന്‍ പാവമാണെന്നും സ്റ്റേഷനിലേക്ക് വിളിക്കാതെ തന്നെ എങ്ങനെയെങ്കിലും പണം തിരികെ വാങ്ങി തന്നാല്‍ മതി’യെന്നാണ് കുട്ടിയുടെ ആവശ്യം. ഇത് അനുസരിച്ച് പൊലീസ് കുട്ടിയുടെ അച്ഛനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. എങ്ങനെയെങ്കിലും അച്ഛന്റെ കൈയില്‍നിന്ന് പണം തിരികെ വാങ്ങിത്തരാമെന്ന് സമാധാനിപ്പിച്ചാണ് പൊലീസുകാര്‍ കുട്ടിയെ മടക്കി അയച്ചത്. അച്ഛന്‍ കടം വാങ്ങിയ പണം ഏറെ ദിവസം കഴിഞ്ഞിട്ടും തിരികെ നല്‍കിയിരുന്നില്ല. ഇഷ്ടതാരത്തിന്റെ സിനിമ തിയറ്ററില്‍ പോയി കാണാന്‍ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോള്‍ കൂട്ടുകാര്‍ ഉപദേശിച്ചതുപ്രകാരമാണ് കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ്.